ദളപതിയില്‍ മമ്മൂട്ടിക്കും രജനികാന്തിനും ഒപ്പം ജയറാം! അന്ന് അത് നടന്നില്ല

വ്യാഴം, 10 ഫെബ്രുവരി 2022 (19:40 IST)
1991 ല്‍ പുറത്തിറങ്ങിയ ദളപതി 30 വര്‍ഷത്തിനു ശേഷവും സിനിമാ ആരാധകരുടെ ഇഷ്ട ചിത്രമാണ്. മണിരത്നം സംവിധാനം ചെയ്ത ദളപതിയില്‍ സ്‌റ്റൈല്‍ മന്നന്‍ രജിനികാന്തും മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെന്നിന്ത്യയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമ കൂടിയാണ് ദളപതി. അരവിന്ദ് സ്വാമി, മനോജ് കെ.ജയന്‍, ശോഭന, ശ്രീവിദ്യ തുടങ്ങി വന്‍ താരനിരയാണ് ദളപതിയില്‍ അണിനിരന്നത്. 
 
മഹാഭാരതത്തെ അടിസ്ഥാനമാക്കിയാണ് മണിരത്നം ദളപതി ചെയ്തത്. കര്‍ണനായി രജിനികാന്തിനേയും ദുര്യോധനന്‍ ആയി മമ്മൂട്ടിയേയും കുന്തിയായി ശ്രീവിദ്യയേയും ആണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന് അര്‍ജുനന്‍ ആയാണ് സാമ്യം. സിനിമയില്‍ അരവിന്ദ് സ്വാമിയുടെ കഥാപാത്രത്തിന്റെ പേരും അര്‍ജുന്‍ എന്നായിരുന്നു. 
 
അരവിന്ദ് സ്വാമി അവതരിപ്പിച്ച അര്‍ജുന്‍ എന്ന കഥാപാത്രം ചെയ്യാന്‍ മണിരത്നം ആദ്യം പരിഗണിച്ചത് ജയറാമിനെയാണ്. മണിരത്നത്തോട് ജയറാമിന്റെ പേര് നിര്‍ദേശിച്ചത് സാക്ഷാല്‍ മമ്മൂട്ടിയും. എന്നാല്‍, ജയറാമിന് ഈ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചില്ല. മലയാളത്തില്‍ ജയറാമിന് വലിയ തിരക്കുണ്ടായിരുന്ന സമയമായിരുന്നു അത്. അതുകൊണ്ടാണ് ദളപതിയിലേക്കുള്ള ക്ഷണം ജയറാം നിരസിച്ചത്. പിന്നീടാണ് മണിരത്നം അരവിന്ദ് സ്വാമിയിലേക്ക് എത്തുന്നത്. 
 
 
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍