‘ആരോപണം അടിസ്ഥാനരഹിതം, പാർവതിയെ ഭാരവാഹിയാക്കാനാണ് താൻ ശ്രമിച്ചത്’: പത്മപ്രിയയ്ക്ക് മറുപടിയുമായി ഇടവേള ബാബു

ചൊവ്വ, 10 ജൂലൈ 2018 (09:56 IST)
മോഹൻലാൽ പത്രസമ്മേളനത്തിൽ പറഞ്ഞ ചില കാര്യങ്ങൾ എതിർത്തുകൊണ്ട് പത്‌മപ്രിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന പാർവതി തിരുവോത്തിനെ പിന്തിരിപ്പിച്ചത് ഇടവേള ബാബു ആണെന്നും പത്‌മപ്രിയ പറഞ്ഞിരുന്നു.
 
എന്നാൽ പത്‌മപ്രിയയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. പാർവതിയെ പാനലിൽ ഉൾപ്പെടുത്തി ഭാരവാഹിയാക്കാനാണു താൻ ശ്രമിച്ചതെന്നും ഡബ്ല്യുസിസി കൂട്ടായ്മയിലെ മറ്റൊരു പ്രമുഖ നടിയെ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിക്കാൻ ശ്രമിച്ചെന്നും ബാബു പറഞ്ഞു.
 
"പാർവതിയെ മാത്രമല്ല, ആരെയും പിന്തിപ്പിക്കാൻ ശ്രമിച്ചിട്ടില്ല. ആർക്കു വേണമെങ്കിലും അമ്മ ഓഫിസിൽനിന്ന് നാമനിർദേശ പത്രിക ലഭിക്കുമായിരുന്നു. പാനലിനു പുറത്തുനിന്ന് ഉണ്ണി ശിവപാൽ ഇങ്ങനെ പത്രിക നൽകിയിരുന്നു. നിർവാഹക സമിതിയിൽ ഉൾപ്പെടുത്താനായി അമ്മ ഷോയ്ക്കിടെ പാർവതിയോടു താൻ സംസാരിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് വിദേശത്തായിരിക്കുമെന്നായിരുന്നു മറുപടി. ഡബ്ല്യുസിസി കൂട്ടായ്മയിലെ പ്രമുഖ നടിയോടു വൈസ് പ്രസിഡന്റാവണമെന്നു പറഞ്ഞപ്പോൾ എല്ലാ പിന്തുണയുമുണ്ടാവുമെന്നും ഭാരവാഹിത്വത്തിലേക്ക് ഇല്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു’’– ഇടവേള ബാബു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍