ഫിലിം ട്രേഡ് പോര്‍ട്ടല്‍ സാക്‌നില്‍ക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് ലഭിച്ച 43 കോടിയില്‍ 38.3 കോടിയും തമിഴ്‌നാട്ടില്‍ നിന്നാണ്. തെലുങ്ക്, ഹിന്ദി ഷോസില്‍ നിന്ന് യഥാക്രമം മൂന്ന് കോടിയും 1.7 കോടിയുമാണ് കളക്ട് ചെയ്തത്. വടക്കേ ഇന്ത്യയിലെ പിവിആര്‍, ഐനോക്‌സ് അടക്കമുള്ള നാഷണല്‍ മള്‍ട്ടിപ്ലക്‌സുകളില്‍ ഗോട്ടിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യാത്തതും കളക്ഷന്‍ കുറയാന്‍ കാരണമായെന്നാണ് വിലയിരുത്തല്‍. വിജയ് ചിത്രമായ 'ലിയോ'യുടെ ആദ്യദിന ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ മറികടക്കാന്‍ ഗോട്ടിനു സാധിച്ചില്ല. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 64.8 കോടിയാണ് ലിയോ കളക്ട് ചെയ്തത്.
അതേസമയം ഗോട്ടിനു രണ്ടാം ഭാഗം ഉണ്ടാകുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിനാല്‍ വിജയ് അഭിനയം അവസാനിപ്പിച്ചേക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. അങ്ങനെയൊരു തീരുമാനം വിജയ് എടുക്കുകയാണെങ്കില്‍ ഗോട്ടിന്റെ രണ്ടാം ഭാഗം എങ്ങനെ സംഭവിക്കുമെന്ന സംശയത്തിലാണ് ആരാധകര്‍.
രണ്ടാം ഭാഗത്തിനുള്ള സൂചന നല്‍കിയാണ് ഗോട്ട് അവസാനിക്കുന്നത്. GOAT vs OG എന്നാണ് സിനിമയുടെ അവസാനം എഴുതി കാണിക്കുക. യഥാര്‍ഥ ഗ്യാങ്സ്റ്ററിനെ (OG) അടുത്ത ഭാഗത്താണ് സംവിധായകന്‍ വെങ്കട് പ്രഭു അവതരിപ്പിക്കുകയെന്നാണ് വിവരം. ഗോട്ടിലെ വിജയ് അവതരിപ്പിച്ച നായക കഥാപാത്രവും മറ്റൊരു ഗ്യാങ്സ്റ്റര്‍ കഥാപാത്രവും തമ്മിലുള്ള പോരാട്ടമായിരിക്കും രണ്ടാം ഭാഗത്തിന്റെ പ്രമേയമെന്നാണ് സൂചന. എന്തായാലും ഗോട്ടിനു രണ്ടാം ഭാഗം ഒരുക്കാന്‍ വെങ്കട് പ്രഭു നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ആ പദ്ധതി ഇനി യാഥാര്‍ഥ്യമാകുമോ എന്ന് മാത്രമാണ് ആരാധകര്‍ക്കു അറിയേണ്ടത്.