റിലീസിനു മുന്‍പ് പ്രീമിയര്‍ ഷോ നടത്താനുള്ള നിര്‍മാതാക്കളുടെ തീരുമാനം ശരിവയ്ക്കുന്നതായിരുന്നു ആദ്യദിനത്തിലെ ബോക്‌സ്ഓഫീസ് പ്രതികരണം. പ്രീമിയര്‍ ഷോകളില്‍ നിന്നു മാത്രമായി (കേരളത്തില്‍) 80 ലക്ഷത്തിലേറെ കളക്ട് ചെയ്യാന്‍ ഡീയസ് ഈറേയ്ക്കു സാധിച്ചിട്ടുണ്ട്. എല്ലാ പ്രേക്ഷകര്‍ക്കും വേണ്ടി പ്രീമയര്‍ നടത്താനുള്ള നിര്‍മാതാക്കളുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും സിനിമ പ്രേമികള്‍ പുകഴ്ത്തുകയാണ്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം.
ഭൂതകാലം, ഭ്രമയുഗം എന്നിവയ്ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്തിരിക്കുന്ന 'ഡീയസ് ഈറേ' ഒരു ഹൊറര്‍ ത്രില്ലര്‍ ഴോണറിലുള്ള ചിത്രമാണ്. റോഹന്‍ എന്ന കേന്ദ്ര കഥാപാത്രമായി പ്രണവ് മോഹന്‍ലാല്‍ അഭിനയിച്ചിരിക്കുന്നു. റോഹനെ തേടിയെത്തുന്ന ഒരു മരണവാര്‍ത്തയും തുടര്‍ന്നുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രധാന പ്രമേയം. മരിച്ച വ്യക്തിയുടെ ഓര്‍മകള്‍ റോഹനെ വേട്ടയാടുന്നുണ്ട്. അയാള്‍ക്കു റോഹനോടു എന്തെങ്കിലും പറയാനുണ്ടെങ്കിലോ? രണ്ട് മണിക്കൂറില്‍ താഴെയുള്ള ചിത്രം ഒരിടത്തും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നില്ല.