കരിയറില്‍ മോശം സമയം, ഐശ്വര്യ വന്നതോടെ ധനുഷിന്റെ രാശി തെളിഞ്ഞു; വിവാഹം കഴിക്കുമ്പോള്‍ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 22 വയസ്സും, ഒടുവില്‍ അപ്രതീക്ഷിത ഡിവോഴ്‌സ് വാര്‍ത്ത
ചൊവ്വ, 18 ജനുവരി 2022 (14:02 IST)
18 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കുകയാണെന്ന് പരസ്പര ബഹുമാനത്തോടെ യാതൊരു വിവാദത്തിനും ഇട നല്‍കാതെയാണ് നടന്‍ ധനുഷും സംവിധായികയും ഗായികയുമായ ഐശ്വര്യ രജനികാന്തും പ്രഖ്യാപിച്ചത്. ആരാധകരെ സംബന്ധിച്ചിടുത്തോളം ഈ വിവാഹമോചന വാര്‍ത്ത അപ്രതീക്ഷിതമായിരുന്നു.
സിനിമ മേഖലയില്‍ ഏറെ ചര്‍ച്ചയായ വിവാഹമായിരുന്നു ധനുഷിന്റേയും ഐശ്വര്യയുടേയും. 2004 നവംബര്‍ 18 നാണ് ഇരുവരും വിവാഹിതരായത്. ആറ് മാസത്തെ പ്രണയത്തിനൊടുവില്‍ ധനുഷിന്റെ ജീവിതപങ്കാളിയായി ഐശ്വര്യ എത്തി. ധനുഷ് അക്കാലത്ത് ഇന്നത്തെ പോലെ വലിയ താരമായിട്ടില്ല. ധനുഷിന്റേതായി വിജയചിത്രങ്ങളൊന്നും ഇല്ലാത്ത സമയം.
കരിയറിലെ വളരെ മോശം സമയത്താണ് ധനുഷിന്റെ ജീവിതത്തിലേക്ക് ഐശ്വര്യ കടന്നുവരുന്നത്. വിവാഹം കഴിഞ്ഞതോടെ ധനുഷിന്റെ ഗ്രാഫ് ഉയരുന്ന കാഴ്ചയാണ് കണ്ടത്. ഐശ്വര്യ ധനുഷിന്റെ രാശിയാണെന്ന് സിനിമാ മേഖലയിലുള്ളവര്‍ അടക്കംപറഞ്ഞു തുടങ്ങി.
'ത്രീ' എന്ന സിനിമ സംവിധാനം ചെയ്ത ഐശ്വര്യയും തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ധനുഷ് തന്നെയാണ് 'ത്രീ'യില്‍ നായകനായി അഭിനയിച്ചത്. ഇപ്പോള്‍ തമിഴിലെ വിലയേറിയ താരങ്ങളില്‍ ഒരാളാണ് ധനുഷ്. അതിനിടയിലാണ് ഐശ്വര്യയുമായുള്ള ബന്ധം നിയമപരമായി വേര്‍പ്പെടുത്തുന്നത്.