നടന്‍ മോഹന്‍ലാലിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം

രേണുക വേണു

ബുധന്‍, 23 ഏപ്രില്‍ 2025 (10:32 IST)
Mohanlal: കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് നടന്‍ മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിനു താഴെ കടുത്ത സൈബര്‍ ആക്രമണം. സംഘപരിവാര്‍, ബിജെപി അനുകൂല ഹാന്‍ഡിലുകളാണ് മലയാളത്തിന്റെ പ്രിയ നടനെതിരെ മോശം വാക്കുകള്‍ അടക്കം ഉപയോഗിച്ചിരിക്കുന്നത്. 
 
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാനില്‍ ഗുജറാത്ത് കലാപം പരാമര്‍ശിച്ചത് സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. അന്നുമുതല്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി എന്നിവര്‍ക്കൊപ്പം മോഹന്‍ലാലിനെയും ബിജെപി അനുകൂലികള്‍ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയാണ് മോഹന്‍ലാലിന്റെ പുതിയ പോസ്റ്റിനു താഴെ കാണുന്നത്. പൃഥ്വിരാജിന്റെ കൂടെ ചേര്‍ന്ന് പഹല്‍ഗാം തീവ്രവാദികളെ വെളുപ്പിക്കുന്ന പുതിയ സിനിമ ചെയ്യാമല്ലോ എന്നാണ് മോഹന്‍ലാലിന്റെ പോസ്റ്റിനു താഴെയുള്ള പരിഹാസം. 
 
' പാക്കിസ്ഥാനില്‍ നിന്ന് പരിശീലനം കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന സയീദ് മസൂദുമാരെ സൂക്ഷിക്കുക' 
 
' ഒരു എമ്പുരാന്‍ കൂടി എടുത്ത് തീവ്രവാദത്തെ വെളുപ്പിക്ക്'
 
' ഈ ആക്രമണത്തെയും വെളുപ്പിക്കാന്‍ ഒരു സിനിമ എടുക്കൂ ലാലേട്ടാ' 
 
' സയീദ് മസൂദുമാരെ വാഴിക്കാനിറങ്ങിയ എമ്പുരാന്റെ സഹതാപം കഷ്ടം' 


എന്നിങ്ങനെ നൂറുകണക്കിനു കമന്റുകളാണ് സംഘപരിവാര്‍ അനുകൂലികള്‍ മോഹന്‍ലാലിന്റെ പോസ്റ്റിനു താഴെ രേഖപ്പെടുത്തിയിരിക്കുന്നത്. 
 
പഹല്‍ഗാം ഭീകരാക്രമണത്തില്‍ രക്തസാക്ഷികളായ മനുഷ്യര്‍ക്കു വേണ്ടി തന്റെ ഹൃദയം വേദനിക്കുന്നു എന്നാണ് ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. നിഷ്‌കളങ്കരായ മനുഷ്യരുടെ ജീവനെടുക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കപ്പെടുന്നതല്ല. ഇത്രയും വലിയ ക്രൂരതയ്ക്കു സാക്ഷ്യം വഹിക്കേണ്ടി വരുന്നത് അങ്ങേയറ്റം വേദനാജനകമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍