കൊച്ചി: മോഹന്‍ലാലിന്റെ ആദ്യ സംവിധാന സംരംഭമെന്ന നിലയില്‍ വലിയ ചര്‍ച്ചയായ ചിത്രമാണ് 'ബറോസ്'. ക്രിസ്തുമസ് റിലീസായി ഡിസംബര്‍ 25 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമുണ്ടായില്ല. തിയേറ്ററിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ ഈ മോഹൻലാൽ ചിത്രത്തിന് സാധിച്ചില്ല. ഇപ്പോള്‍ ചിത്രം ഒടിടിയിലെത്തിയിരിക്കുകയാണ്.
ഡിസ്‌നി ഹോട്സ്റ്റാറില്‍ ജനുവരി 22 മുതലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ഹോട്സ്റ്റാര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കിയത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്.
ലിഡിയന്‍ നാദസ്വരം ആണ് ബറോസിനായി സംഗീതം നല്‍കിയിരിക്കുന്നത്. ദി ട്രെയ്റ്റര്‍, ഐ ഇന്‍ ദ സ്‌കൈ, പിച്ച് പെര്‍ഫക്ട് എന്നീ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ മാര്‍ക്ക് കിലിയന്‍ ആണ് ചിത്രത്തിനായി പശ്ചാത്തല സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം മായ റാവോ, ജൂണ്‍ വിഗ്, നീരിയ കമാചോ, തുഹിന്‍ മേനോന്‍, ഇഗ്‌നാസിയോ മറ്റിയോസ്, കല്ലിറോയ് സിയാഫെറ്റ, ഗുരു സോമസുന്ദരം, ഗോപാലന്‍ അദാത് എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.