ഓസ്‌ട്രേലിയയിലും കബാലി, ആരാധികയുടെ വക കബാലി കേക്കും
ശനി, 2 ജൂലൈ 2016 (15:52 IST)
സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ കബാലി റിലീസിന് മുമ്പുതന്നെ ആരാധകരെ കൈയിലെടുത്തു കഴിഞ്ഞു. ഇന്ത്യയില്‍ മാത്രമല്ല അങ്ങ് ഓസ്‌ട്രേലിയയില്‍ വരെ ചിത്രത്തിനായി അക്ഷമരായി ആരാധകര്‍ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ചിത്രമെത്തുന്നതും കാത്തിരിക്കുന്ന ആരാധകരില്‍ പ്രധാനിയാണ് പാലക്കാട്ടുകാരി ജെന്നി.
ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെന്നില്‍ താമസമാക്കിയ ജെന്നി ചിത്രം റിലീസിന് തയ്യാറായ സന്തോഷം പങ്കുവച്ചത് കബാലി കേക്ക് തയ്യാറാക്കിയാണ്. ജെന്നിയും അമ്മയും ചേര്‍ന്നാണ് കേക്ക് നിര്‍മ്മിച്ചത്. അതിനു മുകളില്‍ സ്റ്റൈല്‍മന്നന്റെ രൂപവും നിര്‍മ്മിച്ച് സ്ഥാപിച്ചതോടെ ജെന്നിക്ക് സന്തോഷമായി.
കോട്ടും സ്യൂട്ടും, കൂളിംഗ് ഗ്ലാസും, ബ്രൗണ്‍ നിറത്തില്‍ മുടിയും ഒക്കെയായി ഒരു കുഞ്ഞു രജനി കബാലി കേക്കിനു മുകളില്‍. തന്റെ പ്രിയപ്പെട്ട താരം താനുണ്ടാക്കിയ കേക്ക് രുചിക്കണമെന്നാണ് ജെന്നിയുടെ ആഗ്രഹം.
രജനിയുടെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ടെങ്കിലും പടയപ്പയാണ് ജെന്നിക്ക് പ്രിയപ്പെട്ട ചിത്രം. ഇനി ചിത്രം റിലീസ് ചെയ്ത് ബിഗ് സ്‌ക്രീനില്‍ താരത്തെ കാണാനുള്ള കാത്തിരിപ്പിലാണ് ജെന്നി.