‘മര്‍മ്മയോഗി’യില്‍ ഹേമ വില്ലത്തി?

PROPRO
‘ദശാവതാര’ത്തിന്‍റെ വിജയത്തിന്‌ ശേഷം കമലാഹാസന്‍ ‘മര്‍മ്മയോഗി’യുടെ പണിപ്പുരയിലാണ്‌. ഏഴാം നൂറ്റാണ്ട്‌ ചിത്രീകരിക്കുന്ന ‘മര്‍മ്മയോഗി’ക്ക്‌ 150 കോടിയാണ്‌ നിര്‍മ്മാതാവ്‌ മുടക്കാന്‍ ഉദ്ദേശിക്കുന്നത്‌.

ബോളിവുഡ്‌ താരം കാജോളിനും അസിനും തിരക്കുമൂലം ചിത്രത്തോട്‌ സഹകരിക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ പത്മപ്രിയയായിരിക്കും ‘മര്‍മ്മയോഗി’യിലെ നായിക എന്നറിയുന്നു. ഹോളിവുഡില്‍ മാത്രം ഉപയോഗിച്ചിരുന്ന റെഡ്‌ വണ്‍ കാമറയിലാണ്‌ ‘മര്‍മ്മയോഗി’ ഷൂട്ട്‌ ചെയ്യുക.

ഇന്ത്യയില്‍ ആദ്യമായി 4കെ റെസല്യൂഷനില്‍ ചിത്രീകരിച്ച രജനിയുടെ ‘ശിവാജി’ക്ക്‌ പിന്നാലെ ‘മര്‍മ്മയോഗി’യും ഇതേ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. റെഡ്‌ വണ്‍ കാമറിയുടെ പ്രതിദിന വാടക മുപ്പതിനായിരം രൂപയാണ്‌. ‘മര്‍മ്മയോഗി’ക്ക്‌ വേണ്ടി റെഡ്‌ വണ്‍ കാമറ വാടകക്ക്‌ എടുക്കുന്നതിന്‌ പകരം ഒരെണ്ണം വാങ്ങാന്‍ തന്നെയാണ്‌ നിര്‍മ്മാതാവിന്‍റെ നീക്കം.

കമലിന്‍റെ സ്വപ്‌ന പദ്ധതിയായിരുന്ന ‘മരുതനായക’ത്തിന്‍റെ ഷൂട്ട്‌ ചെയ്‌ത ദൃശ്യങ്ങള്‍ ‘മര്‍മ്മയോഗി’ക്ക്‌ വേണ്ടി വിനിയോഗിക്കാനും തീരുമാനമായിട്ടുണ്ടെന്നറിയുന്നു. കോടികള്‍ മുടക്കിയാണ്‌ കമല്‍ ‘മരുതനായകം’ ആരംഭിച്ചത്‌. എന്നാല്‍ സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന്‌ ചിത്രം പകുതിയില്‍ മുടങ്ങുകയായിരുന്നു. ചിത്രത്തിന്‍റെ 30 മിനിറ്റോളം ഫൂട്ടേജ്‌ ‘മര്‍മ്മയോഗി’യില്‍ ഉപയോഗിക്കാനാണ്‌ കമല്‍ ശ്രമിക്കുന്നത്‌.

ബോളിവുഡ്‌ താരം ഹേമമാലിനി ചിത്രത്തില്‍ നെഗറ്റീവ്‌ വേഷത്തില്‍ അഭിനയിക്കുമെന്നും കേള്‍ക്കുന്നു. കമിലിന്‍റെ ‘ഹേ റാമി’ല്‍ വളരെ ചെറിയ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഹേമമാലിനി കമലിന്‌ വേണ്ടി വില്ലത്തിയാകാനും മടിക്കില്ലെന്നാണ്‌ റിപ്പോര്‍ട്ട്‌.

വാര്‍ത്ത ശരിയാണെങ്കില്‍ തിളക്കമാര്‍ന്ന അഭിനയ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ഹേമമാലിനി നെഗറ്റീവ്‌ വേഷത്തില്‍ അഭിനയിക്കുക.

വെബ്ദുനിയ വായിക്കുക