‘ഐ’യില്‍ പ്രണയം മാത്രം, അഴിമതി പ്രശ്നമേയല്ല!

ചൊവ്വ, 25 മാര്‍ച്ച് 2014 (15:44 IST)
PRO
ഷങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രം ‘ഐ’ ഒരു റൊമാന്‍റിക് ത്രില്ലര്‍ മാത്രമാണ്. അത് ഷങ്കറിന്‍റെ മറ്റ് ചിത്രങ്ങളെപ്പോലെ അഴിമതിയോ സാമൂഹിക വിഷയങ്ങളോ ചര്‍ച്ച ചെയ്യുന്നില്ല. കാതലന്‍, ജീന്‍സ്, ബോയ്സ് തുടങ്ങിയ ഷങ്കര്‍ സിനിമകളുടെ ജോണറില്‍ പെടുത്താവുന്ന ഒരു ചിത്രമായിരിക്കും ഐ.

എന്നാല്‍ ഷങ്കര്‍ ചിത്രങ്ങളുടെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ എല്ലാ ഘടകങ്ങളും ‘ഐ’യില്‍ ഉണ്ടാകും. മികച്ച ആക്ഷന്‍ രംഗങ്ങളും ചേസുകളും ചിത്രത്തിന്‍റെ ഹൈലൈറ്റാണ്.

“ഈ സിനിമയില്‍ കരാര്‍ ഒപ്പിട്ടതുമുതല്‍ എന്തും ചെയ്യാന്‍ തയ്യാറായിരുന്നു വിക്രം. ഞാന്‍ അങ്ങോട്ട് ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ ഈ സിനിമയിലെ ഒരു ഗെറ്റപ്പിനായി ശരീരഭാരം വലിയ തോതില്‍ കുറയ്ക്കാന്‍ വിക്രം തയ്യാറായി” - ഷങ്കര്‍ വ്യക്തമാക്കി.

ഇനിയൊരു അഞ്ച് വര്‍ഷം കഴിഞ്ഞാലും വിക്രമിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രം ‘ഐ’ ആയിരിക്കുമെന്ന വിശ്വാസമാണ് ഷങ്കറിനുള്ളത്. ചൈനയുടെ ഇതുവരെ ആരും എക്സ്പ്ലോര്‍ ചെയ്തിട്ടില്ലാത്ത ലൊക്കേഷനുകളിലാണ് ഷങ്കര്‍ ഐ പൂര്‍ത്തിയാക്കിയത്.

എമി ജാക്സന്‍ നായികയാകുന്ന സിനിമയില്‍ ഉപന്‍ പട്ടേല്‍, സുരേഷ്ഗോപി എന്നിവര്‍ വില്ലന്‍ വേഷങ്ങളില്‍ എത്തുന്നു. പ്രഭു, സന്താനം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

100 കോടിക്ക് മേലാണ് ഈ സിനിമയുടെ നിര്‍മ്മാണച്ചെലവ്. പി സി ശ്രീറാം ക്യാമറ ചലിപ്പിക്കുന്ന സിനിമയുടെ സംഗീതം എ ആര്‍ റഹ്മാന്‍.

വെബ്ദുനിയ വായിക്കുക