ബെന്യാമിന്റെ പ്രശസ്ത നോവല്‍ ‘ആടുജീവിതം’ ബ്ലെസി സിനിമയാക്കുന്നു എന്നും പൃഥ്വിരാജ് പ്രധാന വേഷം അവതരിപ്പിക്കുന്നു എന്നുമുള്ള വാര്‍ത്ത സിനിമാലോകത്ത് പറന്നുകളിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ഈ സിനിമയിലെ നായക കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി പൃഥ്വിരാജ് തന്റെ ശരീരഭാരം 20 കിലോ കുറയ്ക്കുന്നു എന്നതും വാര്‍ത്തയായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, ബ്ലെസിക്ക് ഇപ്പോള്‍ ആ പ്രൊജക്ടില്‍ താല്‍പ്പര്യമില്ല.
എന്താണ് കാരണം എന്നല്ലേ? കാരണം മറ്റൊരു സിനിമ തന്നെ. ഒരു സിനിമക്കാരന് മറ്റൊരു സിനിമക്കാരന് പാരയാണെന്നത് ‘സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ’ എന്നൊക്കെ പറയുന്നതുപോലെ ഉറച്ചുപോയ ഒരു ചൊല്ലാണ്. കമല്‍ സംവിധാനം ചെയ്ത ‘ഗദ്ദാമ’ എന്ന ചിത്രമാണ് ആടുജീവിതത്തിന് വില്ലനാകുന്നത്.
മാത്രമല്ല, ആടുജീവിതത്തിലെ ചില രംഗങ്ങള്‍ നേരിയ വ്യത്യാസത്തോടെ ഗദ്ദാമയില്‍ അവതരിപ്പിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്(ഗദ്ദാമയുടെ തിരക്കഥാകൃത്ത് കെ ഗിരീഷ്കുമാര്‍ മുമ്പ് ‘സമസ്തകേരളം പി ഒ’ എന്ന ചിത്രം എഴുതിയപ്പോള്‍, ആ പേര് തന്റെ ഒരു കവിതയുടേതാണെന്നും തന്റെ അനുവാദമില്ലാതെയാണ് അത് സിനിമയ്ക്കിട്ടതെന്നും ആരോപിച്ച് കവി ഡി വിനയചന്ദ്രന് രംഗത്തെത്തിയത് ഓര്‍ക്കുക). ഗദ്ദാമ എഴുതുമ്പോള്‍ ആടുജീവിതം ഒരു പ്രചോദനമെങ്കിലുമായിരുന്നോ എന്ന് ഗിരീഷ്കുമാര്‍ വെളിപ്പെടുത്തേണ്ടതുണ്ട്.
ആടുജീവിതത്തില്‍ ഒരു നായകന് അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്‍ അതിനേക്കാള്‍ തീവ്രമായി ഒരു സ്ത്രീ അനുഭവിക്കുന്നതായി ഗദ്ദാമയില്‍ കാണിച്ചുകഴിഞ്ഞു. പൃഥ്വിരാജിനെപ്പോലെ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരന് മരുഭൂമിയില്‍ അലയുന്നതിന് ഇനിയെന്ത് പുതുമ എന്നതാണ് ചോദ്യം.
അതുകൊണ്ടുതന്നെ ബ്ലെസി ‘ആടുജീവിതം’ തല്ക്കാലം മാറ്റിവച്ചിരിക്കുകയാണെന്നാണ് അറിയുന്നത്. തന്റെ ‘പ്രണയം’ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ പൂര്‍ണമായും മുഴുകിയിരിക്കുകയണ് ബ്ലെസി. ഗദ്ദാമയെ വെല്ലുന്ന രീതിയില്‍ ആടുജീവിതത്തെ അവതരിപ്പിക്കാനുള്ള വഴി തുറന്നുകിട്ടിയാല്‍ മാത്രമേ ‘ആടുജീവിത’ത്തിനായി ബ്ലെസി മൈക്ക് കൈയിലെടുക്കൂ എന്നാണ് സൂചന.