സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഹിന്ദിയില്‍, സംവിധാനം - പ്രിയദര്‍ശന്‍
ചൊവ്വ, 16 ഓഗസ്റ്റ് 2011 (13:14 IST)
PRO
മലയാളത്തില്‍ സമീപകാലത്തെ മെഗാഹിറ്റായ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. പ്രിയദര്‍ശനാണ് ഈ ചിത്രം ഹിന്ദിയിലെത്തിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയായി.
മലയാള ചിത്രമായ അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഹിന്ദി ചിത്രമായ തേസ് എന്നിവയ്ക്ക് ശേഷം പ്രിയദര്‍ശന്‍ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യും. ഈ ചിത്രത്തിന്‍റെ താരനിര്‍ണയം പൂര്‍ത്തിയായി വരുന്നതായാണ് സൂചന.
സോയാ അക്തര്‍ സംവിധാനം ചെയ്ത ‘സിന്ദഗി ന മിലേഗി ദൊബാര’ എന്ന ഫീല്‍ ഗുഡ് മൂവിയുടെ വന്‍ വിജയത്തോടെയാണ് സോള്‍ട്ട് ആന്‍റ് പെപ്പര്‍ പോലുള്ള ലൈറ്റ് സബ്ജക്ട് സിനിമകള്‍ക്ക് ബോളിവുഡിലുള്ള സാധ്യത പ്രിയദര്‍ശന്‍ തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ സംവിധായകന്‍ ആഷിക് അബുവുമായി ബന്ധപ്പെട്ട് സിനിമയുടെ ഹിന്ദി റീമേക്ക് സംബന്ധിച്ച് സംസാരിച്ചു.
ജൂലൈ എട്ടിന് റിലീസായ സോള്‍ട്ട് ആന്‍റ് പെപ്പര്‍ ഇതിനകം കോടികളുടെ ലാഭമാണ് നേടിയിരിക്കുന്നത്. ലാല്‍, ശ്വേത മേനോന്‍, മൈഥിലി, ബാബുരാജ്, ആസിഫ് അലി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. നവാഗതരായ ശ്യാം പുഷ്കരന്‍, ദിലീഷ് നായര്‍ എന്നിവരാണ് തിരക്കഥ രചിച്ചത്.