‘വാരണം ആയിരം’ എന്ന സിനിമയില്‍ തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യ സിക്സ് പാക് ശരീരവുമായി അടിച്ചുപൊളിച്ചപ്പോള്‍ ആ സിനിമ വന്‍ ഹിറ്റാക്കിയാണ് പ്രേക്ഷകര്‍ ആഘോഷിച്ചത്. സൂര്യയുടെ ശരീര സൌന്ദര്യം തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ ‘രക്തചരിത്ര’യിലൂടെ കൂടുതല്‍ പ്രശസ്തി നേടി.
ഗൌതം വാസുദേവ് മേനോന് വീണ്ടും സൂര്യയുടെ ഷര്‍ട്ടിടാത്ത ശരീരം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനൊരുങ്ങുകയാണ്. ‘ധ്രുവനക്ഷത്രം’ എന്ന പുതിയ സിനിമയിലാണ് സൂര്യയ്ക്ക് സിക്സ് പാക് ശരീരം തിരികെയെത്തുന്നത്.
വളരെ മെലിഞ്ഞ ഒരു സൂര്യയെയാണ് തനിക്ക് വേണ്ടതെന്ന ഗൌതം മേനോന്റെ ആവശ്യം മനസിലാക്കി സൂര്യ ഇപ്പോള്‍ തന്നെ ജിമ്മില്‍ തന്റെ വര്‍ക്കൌട്ട് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
എ ആര് റഹ്മാനാണ് ധ്രുവനക്ഷത്രത്തിന് സംഗീതം നല്‍കുന്നത്. ഗൌതം - സൂര്യ - റഹ്മാന് ആദ്യമായാണ് ഒന്നിക്കുന്നത്. അതുകൊണ്ടുതന്നെ ഒരു വമ്പന്‍ ഹിറ്റാണ് സിനിമാലോകവും പ്രതീക്ഷിക്കുന്നത്.
സൂര്യയുടെ നായികയെ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും ത്രിഷ നായികയാകുമെന്നാണ് സൂചന. പാര്‍ത്ഥിപനും സിമ്രാനും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.
ഈ സിനിമ ഒരു ത്രില്ലര്‍ പരമ്പരയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ധ്രുവനക്ഷത്രത്തിലെ ‘ധ്രുവ്’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ച് മൂന്ന് സിനിമകളാണ് ഗൌതം മേനോന് പ്ലാന്‍ ചെയ്തിരിക്കുന്നത്. ഇളയദളപതി വിജയെ നായകനാക്കിയെടുക്കാന് ആലോചിച്ച ‘യോഹന്: അധ്യായം ഒണ്‍റ്’ എന്ന സിനിമയാണ് ഇപ്പോള്‍ ധ്രുവനക്ഷത്രമായി പരിണമിച്ചിരിക്കുന്നത് എന്നാണ് അണിയറ സംസാരം.