വേനലൊടുങ്ങാത്തത്: സലിംകുമാറും സീമാ ബിശ്വാസും വരുന്നു !

വെള്ളി, 28 സെപ്‌റ്റംബര്‍ 2012 (14:45 IST)
PRO
സലിം കുമാറും അന്താരാഷ്ട്ര പ്രശസ്തയായ നടി സീമാ ബിശ്വാസും ഒരു മലയാളം പ്രൊജക്ടിന്‌ വേണ്ടി ഒരുമിക്കുന്നു. സന്തോഷ് ശിവന്റെ സഹോദരന്‍ സഞ്ജീവ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ്‌ ഈ അപൂര്‍വ കൂടിച്ചേരല്‍. ടി എ റസാക്ക് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ റസൂല്‍ പൂക്കുട്ടി കാമിയോ വേഷം ചെയ്യുന്നു. ‘വേനലൊടുങ്ങാത്തത്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിക്കും.

അര്‍ബുദം വന്ന് മരിച്ച മകന്റെ ബീജം വിട്ടുകിട്ടാന്‍ വേണ്ടി നിയമയുദ്ധം നടത്തിയ മാതാപിതാക്കളുടെ പോരാട്ടത്തിന്റെ വാര്‍ത്തകള്‍ ഇടക്കാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നതാണ്‌.

എറണാകുളം സ്വദേശികളായ ദമ്പതികളാണ് അകാലത്തില്‍ പൊലിഞ്ഞ ഏക മകന്റെ ശുക്ളം ആശുപത്രിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നതറിഞ്ഞ് അത് വിട്ടുകിട്ടാന്‍ വേണ്ടി കോടതിയെ സമീപിച്ചത്. 28കാരനായ രതീഷ് അര്‍ബുദ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടപ്പോള്‍ പരിശോധനയ്ക്കായി ശുക്ളം ആശുപത്രിയില്‍ നല്‍കുകയായിരുന്നു. രതീഷ് മരിച്ച ശേഷം അവിചാരിതമായാണ്‌, രതീഷിന്റെ ബീജം ആശുപത്രില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്ന് മാതാപിതാക്കള്‍ മനസിലാക്കുന്നത്. ഈ ബീജം തങ്ങള്‍ക്ക് വിട്ടുകിട്ടണമെന്നും അതില്‍ നിന്ന് ഒരു കുഞ്ഞിനെ സൃഷ്ടിച്ച് മകനില്ലാത്ത ദുഃഖത്തിന്‌ അറുതി വരുത്താമെന്നും അവര്‍ കണക്കുകൂട്ടി.

എന്നാല്‍ ബീജം വിട്ടുകൊടുക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ദമ്പതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇവര്‍ നടത്തുന്ന നിയമ പോരാട്ടം മാധ്യമങ്ങളിലൂടെ പുറംലോകമറിഞ്ഞു. എന്തായാലും വിധി രതീഷിന്റെ മാതാപിതാക്കള്‍ക്ക് അനുകൂലമായിരുന്നു.

ഈ കഥയാണ്‌ സഞ്ജീവ് ശിവന്‍ സിനിമയാക്കുന്നത്. ആദ്യം ഇതൊരു ഡോക്യുമെന്‍ററിയായി ചിത്രീകരിക്കാനാണ്‌ സഞ്ജീവ് ആലോചിച്ചത്. പിന്നീട്, ഈ വിഷയത്തിലെ സിനിമാ സാധ്യത മനസിലാക്കി ഇതൊരു ഫീച്ചര്‍ ഫിലിമായി ഒരുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പുത്രവിയോഗത്താല്‍ ദുഃഖിതരായ, അവനില്‍ നിന്നുതന്നെ മറ്റൊരു കുഞ്ഞിനെ സൃഷ്ടിക്കാനാകുമെന്ന് മനസിലാക്കി അതിനായി ഇറങ്ങിത്തിരിച്ച ദമ്പതികളായാണ്‌ സലിംകുമാറും സീമാ ബിശ്വാസും വേഷമിടുന്നത്. ആദാമിന്റെ മകന്‍ അബു പോലെ, ബാന്‍‌ഡിറ്റ് ക്യൂന്‍ പോലെ ഈ ചിത്രവും ഇരുവരുടെയും കരിയറില്‍ നാഴികക്കല്ലാകുമെന്ന് പ്രതീക്ഷിക്കാം.

സഞ്ജീവ് ശിവന്‍ മുമ്പ് മമ്മൂട്ടിയെ നായകനാക്കി ‘അപരിചിതന്‍’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുണ്ട്. വ്യത്യസ്തമായ പ്രമേയമായിരുന്നെങ്കിലും ആ സിനിമ ഒരു പരാജയമായിരുന്നു.

വെബ്ദുനിയ വായിക്കുക