രാവണന്‍ വീണ്ടും കേരളത്തിലേക്ക്

ബുധന്‍, 15 ജൂലൈ 2009 (21:06 IST)
PROPRO
മണിരത്നം സംവിധാനം ചെയ്യുന്ന ദ്വിഭാഷാ ചിത്രം ‘രാവണ’യുടെ ചിത്രീകരണം വീണ്ടും കേരളത്തിലേക്ക്. 45 ദിവസത്തെ ഷൂട്ടിംഗിനായാണ് സംഘം വീണ്ടും കേരളത്തിലെത്തുക. ചിത്രത്തിന്‍റെ ക്ലൈമാക്സ് രംഗങ്ങളാകും ഈ ഘട്ടത്തില്‍ ചിത്രീകരിക്കുക. കേരളത്തില്‍ ചില വനപ്രദേശങ്ങളായിരിക്കും ലൊക്കേഷന്‍. കൂടുതല്‍ രംഗങ്ങളും ഹെലികോപ്ടര്‍ ഉപയോഗിച്ചായിരിക്കും ചിത്രീകരിക്കുകയെന്ന് സൂചനയുണ്ട്.

രാവണയുടെ ഇനിയുള്ള ഭാഗങ്ങള്‍ക്ക് ക്യാമറ ചലിപ്പിക്കുന്നത് ലോകപ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ സന്തോഷ് ശിവനാണ്. രാവണയുടെ ഛായാഗ്രാഹകനായ മണികണ്ഠന് ഷാരുഖ് ഖാന്‍ ചിത്രമായ ‘ഹാപ്പി ന്യൂ ഇയര്‍’ ചെയ്യേണ്ടതിനാലാണ് സന്തോഷ് വീണ്ടും മണി ക്യാമ്പിലെത്തിയത്. സിനിമയുടെ അറുപത് ശതമാനത്തോളം ഭാഗം ചിത്രീകരിച്ചത് മണികണ്ഠനാണ്. അതില്‍ ചില ഭാഗങ്ങള്‍ സന്തോഷ് ശിവന്‍ വീണ്ടും ചിത്രീകരിക്കുന്നുണ്ട്.

ചിത്രീകരണം ആരംഭിച്ചതുമുതല്‍ ഏറെ തടസങ്ങള്‍ നേരിടേണ്ടി വന്ന ചിത്രമാണ് രാവണ. കേരള വനം വകുപ്പിന്‍റെ എതിര്‍പ്പ് മൂലം കേരളത്തിലെ വനങ്ങളില്‍ ചിത്രീകരണം നടത്തുന്നതിന് തടസം നേരിട്ടു. പിന്നീട് നെഞ്ചുവേദനയെ തുടര്‍ന്ന് മണിരത്നത്തിന് വിശ്രമിക്കേണ്ടി വന്നപ്പോഴും ഒരു മാസത്തോളം ഷൂട്ടിംഗ് മുടങ്ങി.

ഹിന്ദിയില്‍ രാവണ എന്ന പേരിലും തമിഴില്‍ അശോകവനം എന്ന പേരിലുമാണ് മണിരത്നം തന്‍റെ പുതിയ ചിത്രം ഒരുക്കുന്നത്. അഭിഷേക് ബച്ചന്‍, ഐശ്വര്യ റായി, വിക്രം, പൃഥ്വിരാജ്, ഗോവിന്ദ, പ്രിയാമണി തുടങ്ങിയവരാണ് താരങ്ങള്‍.

വെബ്ദുനിയ വായിക്കുക