മോഹന്‍ലാല്‍ സര്‍ദാര്‍ജിയായി, ജനുവരി 21ന് കാണാം!

ബുധന്‍, 2 ജനുവരി 2013 (15:45 IST)
PRO
മോഹന്‍ലാല്‍ കള്ളനാകുകയാണ്. ജോഷി സംവിധാനം ചെയ്യുന്ന ‘ലോക്‍പാല്‍’ എന്ന ചിത്രത്തിലാണ് മോഹന്‍ലാലിന്‍റെ പുതിയ കഥാപാത്രം. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. അഴിമതിക്കെതിരെ പോരാടുന്ന കള്ളനാണിത് എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത.

നന്ദഗോപാല്‍ എന്നാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഒരു ഫുഡ്കോര്‍ട്ട് നടത്തുകയാണ് കക്ഷി. അതിന്‍റെ മറവിലാണ് മോഷണങ്ങള്‍ നടത്തുന്നതും മറ്റ് തരികിട പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതും. മോഷണത്തിന്‍റെ സകല വിദ്യകളും സ്വായത്തമാക്കിയവനാണ് നന്ദഗോപാല്‍. അയാള്‍ എവിടെയുമെത്തും. ഒരു ലോക്കറും അയാള്‍ക്ക് അപ്രാപ്യമല്ല. ഒരു മണിച്ചിത്രത്താഴും അയാള്‍ മൈന്‍ഡ് ചെയ്യാറുമില്ല.

പല രൂപത്തിലും ഭാവത്തിലുമാണ് സഞ്ചാരം. ഇയാളുടെ സ്വൈരവിഹാരം പൊലീസിനെയും ഭരണാധികാരികളെയും ഞെട്ടിക്കുന്നു. ലോക്പാലിനെ പിടികൂടാനുള്ള തന്ത്രങ്ങള്‍ അവര്‍ ആവിഷ്കരിച്ചു. പൊലീസ് വിരിക്കുന്ന വലയില്‍ ലോക്പാല്‍ കുടുങ്ങുമോ? അയാള്‍ എന്തിനാണ് മോഷണം തൊഴിലാക്കിയത്? അതാണ് ചിത്രത്തിലെ സസ്പെന്‍സ്.

ഓരോ ദൗത്യത്തിലും മോഹന്‍ലാല്‍ ഓരോ ഗെറ്റപ്പിലായിരിക്കും എന്നതാണ് ലോക്പാലിന്‍റെ പ്രത്യേകത. ചിത്രത്തിന്‍റെ പുറത്തുവന്ന ടീസര്‍ പ്രകാരം മോഹന്‍ലാലിന്‍റെ ഗെറ്റപ്പുകളില്‍ ഒന്ന് സര്‍ദാര്‍ജിയുടേതാണ്. ഈ മാസം 21നാണ് ലോക്പാല്‍ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.

കാവ്യാമാധവനാണ് ഈ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ നായിക. നാടുവാഴികള്‍ക്ക് ശേഷം ജോഷി - എസ് എന്‍ സ്വാമി - മോഹന്‍ലാല്‍ ടീം ഒന്നിക്കുകയാണ് ലോക്‍പാലിലൂടെ. ജെന്‍റില്‍‌മാന്‍, അന്ന്യന്‍ തുടങ്ങിയ ഷങ്കര്‍ ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന കഥാഗതിയാണ് ലോക്പാലിനുള്ളത്.

ഷമ്മി തിലകന്‍, സായ്കുമാര്‍, മനോജ്‌ കെ ജയന്‍, കൃഷ്ണകുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. റഫീഖ്‌ അഹമ്മദാണ് ഗാനരചന‍. പ്രദീപ്‌ നായരാണ്‌ ക്യാമറ. വിതരണം ആശീര്‍വാദ്‌ സിനിമാസ്‌.

മോഹന്‍ലാലിന്‍റെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പോന്ന കഥാപാത്രമായിരിക്കും ‘ലോക്പാല്‍’ എന്ന് തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി. “ചിത്രത്തിനുവേണ്ടി പല പേരുകളും ഞങ്ങള്‍ പരിശോധിച്ചു. ലോക്പാലാണ് ഏറ്റവും യോജിക്കുകയെന്ന് തീരുമാനിക്കുകയായിരുന്നു. പ്രേക്ഷകരുമായി എളുപ്പം സംവദിക്കാന്‍ കഴിയുന്ന കാലിക പ്രാധാന്യമുള്ള പേര് എന്ന നിലയില്‍ മാത്രമാണ് ലോക്പാല്‍ തിരഞ്ഞെടുത്തത്” - സ്വാമി വെളിപ്പെടുത്തി.

വെബ്ദുനിയ വായിക്കുക