മോഹന്‍ലാല്‍ കോപിക്കുന്നു, പെരുച്ചാഴിയില്‍ അഭിനയിക്കുന്നില്ല?!

ചൊവ്വ, 19 ഫെബ്രുവരി 2013 (14:56 IST)
PRO
അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന ‘പെരുച്ചാഴി’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന വാര്‍ത്ത മലയാളം വെബ്‌ദുനിയ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം നല്‍കിയിരുന്നല്ലോ. എന്നാല്‍ ഈ പ്രൊജക്ടിന്‍റെ കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ട്. ഈ വാര്‍ത്ത മോഹന്‍ലാലിനെ അസ്വസ്ഥനാക്കിയെന്നും സൂചനയുണ്ട്.

“ഞാന്‍ അഭിനയിക്കുന്ന പുതിയ പ്രൊജക്ടുകളേക്കുറിച്ച് ഏറെ റൂമറുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. മേയ് മാസത്തില്‍ വിജയ്ക്കൊപ്പം ഒരു തമിഴ് സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. അതിനുമുമ്പ് ഞാന്‍ ഒരു മലയാളം ചിത്രവും ചെയ്യുന്നുണ്ട്. അതിന്‍റെ ഡിസ്കഷനുകള്‍ നടക്കുകയാണ്. ഇവ രണ്ടുമല്ലാതെ, ഞാന്‍ ഒരു പ്രൊജക്ടും കണ്‍ഫേം ചെയ്തിട്ടില്ല” - മോഹന്‍ലാല്‍ അറിയിച്ചു.

എന്നാല്‍ ഈ വര്‍ഷം അവസാനം ‘പെരുച്ചാഴി’ തുടങ്ങുമെന്നും മോഹന്‍ലാലാണ് നായകനെന്നും അമേരിക്കയിലാണ് ചിത്രീകരണമെന്നും അരുണ്‍ വൈദ്യനാഥന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

“അമേരിക്കയിലാണ് പെരുച്ചാഴിയുടെ ചിത്രീകരണം. ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് തുടങ്ങും. പ്രീ പ്രൊഡക്ഷന്‍ ജോലികളും വിസാ ഫോര്‍മാലിറ്റികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഞാന്‍ മോഹന്‍ലാലിന്‍റെ ഒരു കടുത്ത ആരാധകനാണ്. അദ്ദേഹത്തിന് പെരുച്ചാഴിയിലെ കഥാപാത്രം പൂര്‍ണമായും ഇണങ്ങുന്നതാണ്” - വ്യത്യസ്തമായ പ്രമേയമാണ് ഈ ചിത്രത്തിലേക്ക് മോഹന്‍ലാലിനെ ആകര്‍ഷിച്ചതെന്നും അരുണ്‍ വൈദ്യനാഥന്‍ പറയുന്നു. ഒരു അമേരിക്കന്‍ നടിയാണ് ഈ സിനിമയില്‍ മോഹന്‍ലാലിന്‍റെ നായികയാകുന്നതെന്നും അരുണ്‍ പറഞ്ഞിരുന്നു.

അരുണ്‍ ഇത്ര ഉറപ്പിച്ചു പറയുകയും മോഹന്‍ലാല്‍ അത് നിഷേധിക്കുകയും ചെയ്യുകയാണ്. എന്തായാലും ‘പെരുച്ചാഴി’ എന്ന പ്രൊജക്ട് പ്രഖ്യാപിക്കപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

വെബ്ദുനിയ വായിക്കുക