മോഹന്‍ലാലിന്‍റെ മകനാണെന്ന അവകാശവാദവുമായി ഒരാള്‍!

വ്യാഴം, 14 ജൂലൈ 2011 (14:22 IST)
PRO
മോഹന്‍ലാലിന്‍റെ മകനാണെന്ന അവകാശവാദവുമായി ഒരാള്‍. ഇതെന്താണ് സംഭവമെന്ന അന്ധാളിപ്പിലാണോ? ഒരു സിനിമയുടെ കാര്യമാണേ പറഞ്ഞുവരുന്നത്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന അജയന്‍റെ മകനാണെന്ന അവകാശവാദവുമായി ഒരു പതിനാറുകാരന്‍ രംഗപ്രവേശം ചെയ്യുന്നത്. സിനിമയെ വഴിത്തിരിവിലെത്തിക്കുന്ന സംഭവമായി അത് മാറുന്നു.

അജയന്‍റെ രണ്ടാം വയസില്‍ അച്ഛന്‍ മരിച്ചു. അതിന് ശേഷം അമ്മ അമ്മുക്കുട്ടിയമ്മയാണ് അവന്‍റെ എല്ലാം. പതിനെട്ടാം വയസില്‍ അവന്‍ ജോലി തേടി മദിരാശിയിലേക്കും അവിടെ നിന്ന് ബോംബെയിലേക്കും പോകുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അയാള്‍ നാട്ടില്‍ സ്ഥിരതാമസത്തിനായി എത്തുകയാണ്. ഒരു വലിയ വീടു വാങ്ങി. കുറേ നെല്‍പ്പാടങ്ങളും തോട്ടവും വാങ്ങി.

ജീവിതത്തിലെ ഓട്ടപ്പാച്ചിലിനിടയില്‍ അജയന്‍ വിവാഹം കഴിക്കാന്‍ പോലും മറന്നുപോയി. തേങ്ങാക്കച്ചവടക്കാരന്‍ കരിങ്കണ്ണന്‍ മത്തായി, മത്തായിയുടെ ഭാര്യ റീത്ത, സുഹൃത്ത് ബാലചന്ദ്രന്‍, മാരാര്‍, ചെത്തുകാരന്‍ കുട്ടപ്പന്‍ തുടങ്ങിയവര്‍ ചേര്‍ന്നതായിരുന്നു അജയന്‍റെ ലോകം. ഒപ്പം സ്നേഹത്തിന്‍റെ നിറകുടമായി അമ്മ അമ്മുക്കുട്ടിയമ്മയും.

അങ്ങനെയിരിക്കെയാണ്, ഒരു വൈകുന്നേരത്തെ അവസാന വണ്ടിയില്‍ ആ പതിനാറുകാരന്‍ പയ്യന്‍ വന്നിറങ്ങുന്നത്. അജയന്‍ എന്ന സ്വന്തം പിതാവിനെത്തേടിയാണ് അവന്‍ ചെന്നൈയില്‍ നിന്നും എത്തിയിരിക്കുന്നത്. ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്ത അജയന്‍റെ ‘മകന്‍’ എങ്ങും സംസാരവിഷയമാകുന്നു.

അജയനെ ഏവരും അവിശ്വസിക്കുന്നു, അമ്മുക്കുട്ടിയമ്മ പോലും. സത്യം തെളിയിക്കാന്‍ അജയന് ഒരു പോരാട്ടം തന്നെ വേണ്ടിവന്നു. ഇത് പൂര്‍ണമായും ഒരു മോഹന്‍ലാല്‍ ചിത്രമാണെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. അടുത്തകാലത്ത് മോഹന്‍ലാലിന്‍റേതായി പുറത്തുവന്ന പല സിനിമകളും പ്രേക്ഷകരുടെ അതൃപ്തി ക്ഷണിച്ചുവരുത്തുന്നതായിരുന്നു. ലാല്‍ എന്ന നല്ല കലാകാരനുവേണ്ടിയാണ് ഈ സിനിമ - സത്യന്‍ പറയുന്നു.

“എന്‍റെ ജീവിതത്തില്‍ മൂന്ന് സൌഭാഗ്യങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒന്ന്, യേശുദാസിന്‍റെ കാലത്ത് ജനിച്ചത്. രണ്ട്, സംഗീത സംവിധായകന്‍ ഇളയരാജയ്ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചത്. മൂന്ന്, മോഹന്‍ലാല്‍ എന്ന മഹാപ്രതിഭയെ ക്യാമറയ്ക്ക് മുന്നില്‍ അഭിനയിപ്പിക്കാന്‍ കഴിഞ്ഞത്. നമ്മള്‍ ഒരു കഥാപാത്രത്തെ കൊടുത്താല്‍ അത് നമ്മള്‍ ഉദ്ദേശിക്കുന്നതിലും അപ്പുറത്തായി ലാല്‍ റീപ്രൊഡ്യൂസ് ചെയ്യും. ശരീരത്തിലും പ്രായത്തിലും ലാലിന് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. പക്ഷേ ലാല്‍ എന്നും ലാലാണ്. ലാലിന്‍റെ ആക്ടിംഗ് ഏതു സംവിധായകനെയും അതിശയിപ്പിക്കുന്നതുമാണ്” - സത്യന്‍ അന്തിക്കാട് ഒരു സിനിമാവാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.

ഷീലയാണ് മോഹന്‍ലാലിന്‍റെ അമ്മയായി അഭിനയിക്കുന്നത്. ബിജുമേനോന്‍, ഇന്നസെന്‍റ്, കെ പി എ സി ലളിത, മാമുക്കോയ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റഫീഖ് അഹമ്മദ് രചിച്ച നാലു ഗാനങ്ങള്‍ക്ക് സംഗീതം ഇളയരാജ. ഛായാഗ്രഹണം വേണു.

വെബ്ദുനിയ വായിക്കുക