മമ്മൂട്ടി വക്കീലാണ്, പക്ഷേ കോടതിയില്‍ പോകില്ല, ആക്ഷനില്ല, മാസ് രംഗങ്ങളില്ല: ‘പുതിയ നിയമം’ പിന്നെ എന്ത്?

വ്യാഴം, 28 ജനുവരി 2016 (15:03 IST)
മമ്മൂട്ടിയും നയന്‍‌താരയും ഒന്നിക്കുന്ന ‘പുതിയ നിയമം’ എന്ന സിനിമ ഈ മാസം അവസാനം പ്രദര്‍ശനത്തിനെത്തുകയാണ്. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ കഥയും മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ സാധ്യതകളും ഇപ്പോഴും സസ്പെന്‍സായി തുടരുകയാണ്.
 
എന്നാല്‍ എ കെ സാജന്‍ വെളിപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങളുണ്ട്. ഈ സിനിമയില്‍ മമ്മൂട്ടി ഒരു അഭിഭാഷകനാണ്. അഡ്വ.ലൂയിസ് പോത്തന്‍ നരിമാടന്‍ എന്നാണ് പേര്. സാധാരണയായി അഭിഭാഷകര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയില്‍ ത്രസിപ്പിക്കുന്ന കോടതിരംഗങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഈ സിനിമയില്‍ കോടതി രംഗങ്ങള്‍ ഒന്നുമില്ല.
 
കോടതിരംഗങ്ങളും അതുമായി ബന്ധപ്പെട്ടുവരുന്ന സ്ഥിരം ക്ലീഷേകളും ഈ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ ആക്ഷന്‍ രംഗങ്ങള്‍ പ്രതീക്ഷിച്ചുപോകുന്നവരും നിരാശരാകും. കാരണം മമ്മൂട്ടിക്ക് ഈ സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്ല, മാസ് രംഗങ്ങളില്ല.
 
നയന്‍‌താര അവതരിപ്പിക്കുന്ന വാസുകി എന്ന കഥാപാത്രത്തിന് ഈ ചിത്രത്തില്‍ ഏറ്റവും പ്രാധാന്യമുണ്ട്. ചിത്രത്തില്‍ സ്ക്രീന്‍ സ്പേസ് കൂടുതലുള്ളതും നയന്‍‌താരയ്ക്കാണെന്ന് സംവിധായകന്‍ വെളിപ്പെടുത്തുന്നു.
 
പുതിയ നിയമത്തില്‍ മമ്മൂട്ടിക്ക് കൂടുതല്‍ ചെറുപ്പം തോന്നുന്ന ഗെറ്റപ്പാണുള്ളത്. ആക്രോശിക്കുന്ന നായകനല്ല, ഇതൊരു ബ്രഹ്മാണ്ഡ ചിത്രവുമല്ല. സിനിമയില്‍ കൂടുതല്‍ തമാശകള്‍ പറയുന്നതുപോലും മമ്മൂട്ടിയുടെ കഥാപാത്രമാണ്. കാത്തിരിക്കുക.

വെബ്ദുനിയ വായിക്കുക