ഫയര്‍മാന്‍, ഭാസ്കര്‍ ദി റാസ്കല്‍, അഛാ ദിന്‍, ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ ചിത്രങ്ങളാണ് 2015ല്‍ മമ്മൂട്ടിയുടേതായി പ്രദര്‍ശനത്തിനെത്തിയത്. ഇതില്‍ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്ന ഒരു എന്‍റര്‍ടെയ്നര്‍ - ആഘോഷചിത്രം എന്നുപറയാവുന്നത് ഭാസ്കര്‍ ദി റാസ്കല്‍ മാത്രമായിരുന്നു. അതുപോലും അത്യാവശ്യം ഗൌരവതരമായ പ്രമേയ പരിസരത്തിലാണ് കഥാഗതിയുടെ വളര്‍ച്ചയെന്ന് കാണാം.
പക്കാ കൊമേഴ്സ്യല്‍ മസാല സിനിമകളില്‍ നിന്ന് മാറിനില്‍ക്കുന്ന മമ്മൂട്ടിയായിരുന്നു 2015ല്‍. ഒരു പോക്കിരിരാജയോ തുറുപ്പുഗുലാനോ രാജാധിരാജയോ രാജമാണിക്യമോ ഒന്നും മമ്മൂട്ടി ചെയ്തില്ല. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാല്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ നോക്കൂ. ഇനി വരാന്‍ പോകുന്നത് പുലി മുരുകന്‍. അതുകഴിഞ്ഞാല്‍ ബെന്‍സ് വാസു!
അതിന് വേറൊരു കാരണം നിലനില്‍ക്കുന്നുണ്ട്. മമ്മൂട്ടിക്ക് അടിപൊളി സിനിമകള്‍ സമ്മാനിച്ചുകൊണ്ടിരുന്ന സിബി - ഉദയന്‍ എഴുത്തുകൂട്ടുകെട്ട് പിരിഞ്ഞതാണ് പ്രധാനമായത്. ബെന്നി പി നായരമ്പലം, ജോണി ആന്‍റണി, ഷാഫി തുടങ്ങിയവരും മമ്മൂട്ടിച്ചിത്രങ്ങള്‍ പ്രഖ്യാപിച്ചിട്ടില്ല. ജോണി ആന്‍റണിക്ക് ഒരു മമ്മൂട്ടിച്ചിത്രം ഈ വര്‍ഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. അതൊരു തട്ടുപൊളിപ്പന്‍ എന്‍റര്‍ടെയ്നറായിരിക്കുമെന്നും പ്രതീക്ഷിക്കാം.