ഭാസ്കര്‍ ദി റാസ്കല്‍ തമിഴില്‍, അജിത് നായകന്‍?

വ്യാഴം, 4 ജൂണ്‍ 2015 (14:23 IST)
മോഹന്‍‌ലാലിനെ നായകനാക്കി ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷം ഓണം റിലീസായാണ് പ്ലാന്‍ ചെയ്യുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ സിനിമ ഒരു കോമഡി ത്രില്ലറായിരിക്കും. ലാല്‍ സംവിധാനം ചെയ്ത അടുത്ത ചിത്രത്തേക്കുറിച്ചുള്ള ആദ്യ വിവരം ഇതാണ്. അപ്പോള്‍ സംവിധായകന്‍ സിദ്ദിക്കിന്‍റെ അടുത്ത പ്രൊജക്ടിന്‍റെ വിവരങ്ങള്‍ വല്ലതും ലഭ്യമാണോ?
 
പുതിയ സൂചനകള്‍ അനുസരിച്ച്, സിദ്ദിക്ക് അടുത്തതാ‍യി സംവിധാനം ചെയ്യുന്നത് ഒരു തമിഴ് ചിത്രമാണ്. നായകന്‍ ആരെന്നോ? സാക്ഷാല്‍ അജിത്! അതേ, തലയും സിദ്ദിക്കും ഒന്നിക്കുകയാണ്. എസ് എസ് ചക്രവര്‍ത്തിയാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്.
 
ഭാസ്കര്‍ ദി റാസ്കല്‍ എന്ന മലയാളം സൂപ്പര്‍ഹിറ്റിന്‍റെ തമിഴ് റീമേക്കാണ് ഈ സിനിമയെന്നും സൂചനയുണ്ട്. നയന്‍‌താര തന്നെ തമിഴ് റീമേക്കിലും നായികയാകുമെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
 
വിജയ്, സൂര്യ, വിജയകാന്ത് തുടങ്ങിയ വമ്പന്‍ താരങ്ങളെവച്ച് സിദ്ദിക്ക് തമിഴ് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അജിത്തുമായി ഒരു ചിത്രം ചെയ്യുന്നത് ആദ്യമാണ്. സിദ്ദിക്കിന്‍റെ ഫ്രണ്ട്സ്, കാവലന്‍, എങ്കള്‍ അണ്ണാ തുടങ്ങിയ തമിഴ് ചിത്രങ്ങള്‍ വന്‍ ഹിറ്റുകളായിരുന്നു.

വെബ്ദുനിയ വായിക്കുക