ബോളിവുഡില്‍ അടുത്തകാലത്ത് റാണിമുഖര്‍ജിയോളം തരംഗമുണ്ടാക്കിയ മറ്റൊരു നടിയില്ല. ഐശ്വര്യ റായിയെയോ ശില്‍പ ഷെട്ടിയെയോ കാജലിനെയോ ഒന്നും മറന്നുകൊണ്ടല്ല ഇതു പറയുന്നത്. സൗന്ദര്യത്തിന്‍റെയും ഗ്ലാമറിന്‍റെയും കാര്യത്തില്‍ റാണിയെക്കാള്‍ മികച്ചവര്‍ എത്രയോ ഉണ്ട് ഇപ്പോള്‍. എന്നാല്‍, സ്ക്രീനില്‍ റാണി സൃഷ്ടിക്കുന്ന ഒരു അത്ഭുതസാന്നിധ്യം ഇപ്പോള്‍ അനുഭവപ്പെടാറില്ലെന്നാണ് ഹിന്ദി സിനിമാ പ്രേമികളുടെ പക്ഷം. കുറച്ചുകാലമായി സിനിമയില്‍ അത്ര സജീവമല്ലാത്ത റാണി ഉടന്‍ തന്നെ ഒരു ഉഗ്രന്‍ തിരിച്ചുവരവു നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
ഉയര്‍ച്ചതാഴ്ചകള്‍ റാണിയുടെ അഭിനയജീവിതത്തില്‍ ഇത് ആദ്യമല്ല. അതുകൊണ്ടു തന്നെ ഒരു അപ്രതീക്ഷിത രംഗപ്രവേശം റാണിയില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു. മെഹ്‌ന്ദി, രാജാ കി ആയേഗി ബാരാത് എന്നീ പരാജയ ചിത്രങ്ങള്‍ക്ക് ശേഷമാണ് റാണി കുച് കുച് ഹോതാ ഹൈയിലൂടെ അത്ഭുതമായി മാറിയത്. ഹലോ ബ്രദര്‍, ബാദല്‍, ബിച്ചൂ എന്നീ സിനിമകളില്‍ ഗ്ലാമര്‍ പ്രദര്‍ശനത്തിലൂടെ ഹോട്ട് സുന്ദരിമാരുടെ മുന്‍നിരയിലേക്ക് റാണി കുതിപ്പു നടത്തി.
ചല്‍ത്തേ ചല്‍ത്തേയിലൂടെയാണ് ബോളിവുഡില്‍ ഒന്നാം നമ്പര്‍ നായിക എന്ന വിശേഷണം റാണി സ്വന്തമാക്കുന്നത്. പിന്നീട് റാണിയുടേതായ വിജയചിത്രങ്ങളുടെ ഒരു പ്രവാഹമായിരുന്നു. യുവ, ഹം തും എന്നീ സിനിമകളിലെ പ്രകടനങ്ങള്‍ ഒരേ വര്‍ഷം മികച്ച നടിക്കും സഹനടിക്കുമുള്ള ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍ റാണിക്ക് നേടിക്കൊടുത്തു. റാണിയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം എന്ന് വാഴ്ത്തപ്പെടുന്നത് സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത 'ബ്ലാക്ക്' എന്ന സിനിമയിലേതാണ്. ബണ്ടി ഓര്‍ ബബ്ലി എന്ന സൂപ്പര്‍ഹിറ്റ് ചിത്രവും ഈ കാലത്തായിരുന്നു.
എന്നാല്‍ ഇതിന് ശേഷം റാണിക്ക് കഷ്ടകാലം തുടങ്ങി. കഭി അല്‍വിദാ ന കെഹ്‌നാ, ബാബുല്‍, തര രം പം പം, തോഡാ പ്യാര്‍ ഥോഡാ മാജിക് തുടങ്ങിയ സിനിമകള്‍ ബോക്സോഫീസില്‍ തകര്‍ന്നു. ഇതോടെ സിനിമയില്‍ നിന്ന് പൂര്‍ണമായും റാണി മാറിനില്‍ക്കുകയും ചെയ്തു.
യഷ്‌രാജ് ഫിലിംസിന്റെ പ്രിയനായിക എന്ന നിലയിലാണ് ബോളിവുഡ് റാണി മുഖര്‍ജിയെ അടയാളപ്പെടുത്തുന്നത്. അടുത്തിടെ ഷാരുഖിന്‍റെ ഹിറ്റ് ചിത്രമായ റബ് നേ ബനാ ദി ജോഡിയില്‍ ഒരു അതിഥിവേഷത്തില്‍ റാണി പ്രത്യക്ഷപ്പെട്ടിരുന്നു. ആ സിനിമയിലെ റാണിയുടെ 'ന്യൂ ലുക്ക്' കണ്ടവര്‍ അത്ഭുതപ്പെട്ടു. അമീര്‍ഖാന്റെ ട്രെയിനറായ സത്യജിത് ചൗരസ്യയാണ് റാണിയെ ശരീര സംരക്ഷണത്തിന് സഹായിക്കുന്നത്.
ഏവരും കാത്തിരിക്കുകയാണ്. ഒരു മികച്ച ചിത്രത്തിലൂടെ, മികച്ച കഥാപാത്രത്തിലൂടെ റാണി വീണ്ടും സ്ക്രീനില്‍ നിറയുന്നതും പ്രതീക്ഷിച്ച്.