ബാച്ച്ലര്‍ പാര്‍ട്ടി ഹോങ്കോംഗ് ചിത്രത്തിന്‍റെ പകര്‍പ്പ്!

തിങ്കള്‍, 18 ജൂണ്‍ 2012 (16:52 IST)
PRO
അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്‌ലര്‍ പാര്‍ട്ടി പ്രദര്‍ശനം തുടരുകയാണ്. അത്ര മെച്ചമായ പ്രതികരണമല്ല ബോക്സോഫീസില്‍ ലഭിക്കുന്നത്. പത്തുകോടി രൂപയാണ് വമ്പന്‍ താരനിരയുള്ള ഈ ചിത്രത്തിന്‍റെ ചെലവ്. എന്നാല്‍ ഈ തുക പിരിഞ്ഞുകിട്ടുമോ എന്ന കാര്യത്തില്‍, ഇപ്പോഴത്തെ പ്രകടനം അനുസരിച്ച് ഉറപ്പില്ല.

ഹോങ്കോംഗ് ചിത്രമായ ‘എക്സൈല്‍ഡ്’ അതേപടി പകര്‍ത്തിയിരിക്കുകയാണ് അമല്‍ നീരദ്. നിരൂപകരും പ്രേക്ഷകരും ഒരുപോലെ പ്രശംസിച്ച ചിത്രമായിരുന്നു എക്സൈല്‍ഡ് എങ്കില്‍ ബാച്ച്ലര്‍ പാര്‍ട്ടിക്ക് ആ നേട്ടം ഉണ്ടായില്ല. എക്സൈല്‍ഡിന്‍റെ ക്ലൈമാക്സിലെ ഇമോഷന്‍ പ്രേക്ഷകരെ ആവേശം കൊള്ളിച്ചു എങ്കില്‍, അങ്ങനെ പ്രത്യേകിച്ച് ഒരു വികാരവും ഉണര്‍ത്താത്ത ഒരു ക്ലൈമാക്സാണ് ബാച്ച്ലര്‍ പാര്‍ട്ടിക്കുള്ളത്. തിരക്കഥയിലെ പാളിച്ചയാണ് എക്സൈല്‍ഡിന്‍റെ മികവ് ബാച്ച്ലര്‍ പാര്‍ട്ടിക്ക് അനുഭവിപ്പിക്കാന്‍ കഴിയാതെ പോയതിന് കാരണം.

2006ല്‍ റിലീസ് ചെയ്ത എക്സൈല്‍ഡ് വന്‍ ഹിറ്റാവുകയും ഒട്ടേറെ അവാര്‍ഡുകള്‍ നേടുകയും ചെയ്തു. ജോണി ടോ ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍. എന്തായാലും ബാച്ച്ലര്‍ പാര്‍ട്ടിയുടെ ടൈറ്റില്‍ കാര്‍ഡില്‍ ജോണി ടോയെ അമല്‍ നീരദ് മറന്നിട്ടില്ല.

അമിതമായ വയലന്‍‌സും ദ്വയാര്‍ത്ഥ പ്രയോഗങ്ങളുള്ള സംഭാഷണങ്ങളും മലയാളത്തിന് പരിചിതമായ ഒരു കഥാപരിസരമില്ല എന്നുള്ളതുമാണ് ബാച്ച്ലര്‍ പാര്‍ട്ടിയില്‍ നിന്ന് കുടുംബപ്രേക്ഷകര്‍ അകന്നുനില്‍ക്കുന്നതിന് കാരണം. യുവ പ്രേക്ഷകര്‍ ഏറ്റെടുത്താല്‍ ബാച്ച്ലര്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നാണ് ബോക്സോഫീസ് വിദഗ്ധരുടെ അഭിപ്രായം.

വെബ്ദുനിയ വായിക്കുക