അഭ്യൂഹങ്ങള്‍ക്ക് വിടനല്‍കി കാണാതായ തെന്നിന്ത്യന്‍ നടി അഞ്ജലി ഹൈദരാബാദിലെ പൊലീസ് സ്റ്റേഷനിലെത്തി. ഹൈദരാബാദ് ജൂബിലി ഹില്‍സ് പൊലീസ് സ്റ്റേഷനില്‍ നടി നേരിട്ടെത്തുകയായിരുന്നു. അഞ്ജലിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. അഞ്ജലിയെ കാണാനില്ലെന്ന് വളര്‍ത്തമ്മ ഭാരതിദേവി പൊലീസില്‍ പരാതി നല്‍കിയിരുന്നു.
തിങ്കളാഴ്ച മുതലാണ് നടി അഞ്ജലിയെ കാണാതായത്. നെട്ടോട്ടമോടുകയായിരുന്നു പൊലീസ്. ഹൈദരാബാദില്‍ ഒരു രഹസ്യകേന്ദ്രത്തിലെന്നല്ലാതെ അഞ്ജലിയുടെ ഒരുവിവരവും ലഭ്യമായില്ലായിരുന്നു. അഞ്ജലിയുടെ ഈ ഒളിച്ചുകളി പൊലീസിന്റെ തലവേദനയായിരുന്നു.
ഹൈദരാബാദിലെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്ന അഞ്ജലി സഹോദരന്‍ രവിശങ്കറുമായി ഫോണില്‍ സംസാരിച്ചിരുന്നു. താന്‍ ഹൈദരാബാദില്‍ സുരക്ഷിതയാണെന്നും, ഉടന്‍ തന്നെ നാട്ടില്‍ തിരിച്ചെത്തുമെന്നും അറിയിച്ചതായും തനിക്കെതിരെ പോലീസില്‍ നല്‍കിയിരിക്കുന്ന കാണാതായതായുള്ള പരാതി പിന്‍വലിക്കാനും അഞ്ജലി സഹോദരനോട് ആവശ്യപ്പെട്ടു.
സഹോദരന്‍ രവിശങ്കര്‍ പൊലീസിനെ പരാതിപിന്‍വലിക്കാന്‍ സമീപിച്ചിരുന്നെങ്കിലും മിസ്സിംഗ് കേസാണെന്നും കോടതിയില്‍ ഈ കേസിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടതാണെന്നും വ്യക്തമാക്കി പൊലീസ് അതിനനുവദിച്ചില്ല.
“ആന്റിയായ ഭാരതി ദേവി എന്ന സ്ത്രീ കുറച്ചുവര്‍ഷങ്ങളായി എന്നെ ചൂഷണം ചെയ്യുകയാണ്. ഇനി സഹിക്കാനാകില്ല എന്ന ഘട്ടം വന്നപ്പോഴാണ് വീടുവിട്ടത്. അമ്മയുടെ സഹോദരിയായ ഭാരതി ദേവി എടിഎം ആയാണ് എന്നെ കണക്കാക്കിയിരുന്നത്. എന്റെ അമ്മയും അച്ഛനും ആന്ധ്രയില്‍ ഒരിടത്ത് ഉണ്ട്. അവരുടെ സുരക്ഷയ്ക്കും ഭീഷണിയുണ്ട്“
“എന്റെ ബാങ്ക് അക്കൌണ്ടുകളും സ്വത്തുമെല്ലാം ആന്റിയുടെയും ഭര്‍ത്താവിന്റെയും നിയന്ത്രണത്തില്‍ ആണ്. നിലവില്‍ ചെന്നൈയില്‍ ഒരു സ്വത്ത് മാത്രമേ എന്റെ പേരില്‍ ഉള്ളൂ. മറ്റെല്ലാം അവരുടെ പേരിലാണ്. ഞാന്‍ വീട്ടുകാരോടും സുഹൃത്തുക്കളോടും സംസാരിക്കുന്നത് പോലും അവര്‍ക്ക് ഇഷ്ടമല്ല. സിനിമയില്‍ നിന്ന് ഞാന്‍ സമ്പാദിച്ച പണമെല്ലാം ആന്റിയും സംവിധായകന്‍ കലന്‍ജിയവും ചേര്‍ന്ന് തട്ടിയെടുത്തു“
“പല സെലിബ്രിറ്റികള്‍ക്കൊപ്പവും എന്റെ പേര് ചേര്‍ത്ത് കഥകള്‍ മെനഞ്ഞ് എന്റെ ഇമേജ് തകര്‍ക്കാനും അവര്‍ ശ്രമിച്ചു. അടിമയെപ്പോലെയാണ് എന്നെ അവര്‍ കാണുന്നത്. ഈയിടെ ഒരു ഷൂട്ടിംഗിനിടെ എനിക്ക് ഷോക്കേറ്റു. എന്നാല്‍ ഞാന്‍ അത് പബ്ലിസിറ്റിയ്ക്ക് വേണ്ടി ഉണ്ടാക്കിയതാണെന്ന് പറഞ്ഞ് ആന്റി എന്നെ റെസ്റ്റ് എടുക്കാന്‍ പോലും അനുവദിച്ചില്ല“- അഞ്ജലി പറഞ്ഞു.