ദുരൈസിങ്കം വീണ്ടും, സൂര്യയുടെ ‘സിങ്കം 2’ തുടങ്ങുന്നു

വെള്ളി, 21 സെപ്‌റ്റംബര്‍ 2012 (13:54 IST)
PRO
തിയേറ്ററുകളെ പ്രകമ്പനം കൊള്ളിക്കാന്‍ ദുരൈസിങ്കം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വീണ്ടും വരികയാണ്. 2010ല്‍ സൂര്യ നല്‍കിയ മെഗാഹിറ്റ് ചിത്രം ‘സിങ്കം’ വീണ്ടും തരംഗമാകാന്‍ പോകുന്നു. സിങ്കത്തിന്‍റെ രണ്ടാം ഭാഗമായ ‘സിങ്കം 2’ന് തുടക്കമായി. ഈ സിനിമയുടെ പൂജ വിനായകചതുര്‍ത്ഥി ദിവസം നടന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്ത് പുറത്തിറക്കിയിട്ടുണ്ട്.

2010 മേയ് 28നാണ് ഹരി സംവിധാനം ചെയ്ത ‘സിങ്കം’ പ്രദര്‍ശനത്തിനെത്തിയത്. 15 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച സിനിമ ഇതുവരെ നേടിയത് 257 കോടി രൂപ! തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന്. സൂര്യ എന്ന താരത്തെ മെഗാസ്റ്റാറാക്കി വളര്‍ത്തിയ സിനിമയായിരുന്നു സിങ്കം. അന്ന് സിങ്കത്തിന് 15 കോടി രൂപ ചെലവായെങ്കില്‍ ഇന്ന് സൂര്യയുടെ പ്രതിഫലം തന്നെ 30 കോടി രൂപയാണ് !
PRO


അടുത്തയാഴ്ച തൂത്തുക്കുടിയിലാണ് സിങ്കം 2 ചിത്രീകരണം ആരംഭിക്കുന്നത്. സൂര്യയ്ക്കൊപ്പം അനുഷ്ക ഷെട്ടി, നാസര്‍, വിവേക് തുടങ്ങിയ ‘സിങ്കം’ താരങ്ങള്‍ പുതിയ ചിത്രത്തിലും അണിനിരക്കും. പ്രകാശ് രാജ് ഈ സിനിമയില്‍ നിന്ന് ഒഴിവായിട്ടുണ്ട്. പകരം മലയാളിതാരം റഹ്‌മാനും ബോളിവുഡ് താരം മുകേഷ് റിഷിയും വില്ലന്‍‌മാരാകും. ഹന്‍‌സിക മൊട്‌വാനിയാണ് സിങ്കം 2ലെ രണ്ടാം നായിക.

ചെന്നൈ, ഹൈദരാബാദ്, തൂത്തുക്കുടി, തിരുനെല്‍‌വേലി, കാരൈക്കുടി തുടങ്ങി ഹരിയുടെ പ്രിയപ്പെട്ട ലൊക്കേഷനുകളിലാണ് സിങ്കം 2 ചിത്രീകരിക്കുന്നത്. ഗാനരംഗങ്ങളും ചില പ്രധാന സീനുകളും ആക്ഷന്‍ രംഗങ്ങളും ദക്ഷിണാഫ്രിക്കയിലും കെനിയയിലും ചിത്രീകരിക്കും. 2013 പൊങ്കലിന് സിങ്കം 2 പ്രദര്‍ശനത്തിനെത്തും.

വെബ്ദുനിയ വായിക്കുക