ജോഷി, സിദ്ദിക്ക്, രഞ്ജിത്, ബ്ലെസി - വന്‍‌മരങ്ങള്‍ വീഴുമ്പോള്‍

വ്യാഴം, 29 ഓഗസ്റ്റ് 2013 (16:26 IST)
PRO
വലിയ താരങ്ങള്‍, വലിയ ഹിറ്റുകള്‍ - ഇതൊന്നും ന്യൂജനറേഷന്‍ സിനിമാക്കാര്‍ക്ക് പറ്റുന്ന കാര്യങ്ങളല്ല. അതിനൊക്കെ ഇവിടെ വമ്പന്‍‌മാരായ മറ്റ് സംവിധായകരുണ്ട്. ജോഷി, ഷാജി കൈലാസ്, പ്രിയദര്‍ശന്‍, സിദ്ദിക്ക്, രഞ്ജിത്, ബ്ലെസി, ഹരിഹരന്‍, ലാല്‍, ലാല്‍ ജോസ് തുടങ്ങി വമ്പന്‍‌മാരുടെ ഒരു നിര.

എന്നാല്‍ ഈ വര്‍ഷം ഈ വമ്പന്‍‌മാരുടെ കൂട്ടത്തില്‍ നിന്ന് നേട്ടമുണ്ടാക്കിയത് ലാല്‍ ജോസ് മാത്രമാണ്. ഇമ്മാനുവല്‍, പുള്ളിപ്പുലികളും ആട്ടിന്‍‌കുട്ടിയും എന്നീ ഹിറ്റ് ചിത്രങ്ങള്‍ ലാല്‍ ജോസിന്‍റെ ഗ്രാഫുയര്‍ത്തി. ഹരിഹരനും പ്രിയദര്‍ശനും ലാലും സിനിമകള്‍ ചെയ്തില്ല.

ഈ വര്‍ഷം നല്ല സിനിമകളുടെ ആസ്വാദകരെ ഞെട്ടിച്ചത് നാല് സംവിധായകരുടെ വീഴ്ചയായിരുന്നു. അപ്രതീക്ഷിതമായ തിരിച്ചടി!

അടുത്ത പേജില്‍ - തട്ടിക്കൂട്ടിയ ലോക്പാല്‍

PRO
അന്ന്യന്‍, ഫോര്‍ ദി പീപ്പിള്‍, ജെന്‍റില്‍മാന്‍ തുടങ്ങിയ സിനിമകളുടെ കഥകള്‍ പരിതാപകരമാം വിധം സംയോജിപ്പിച്ചാണ് ‘ലോക്‍പാല്‍’ എന്ന സിനിമ ജോഷി തട്ടിക്കൂട്ടിയത്. അതിന്‍റെ പ്രതിഫലവും പ്രേക്ഷകര്‍ കൊടുത്തു. എസ് എന്‍ സ്വാമി എഴുതിയ ഈ സിനിമ സമ്പൂര്‍ണ പരാജയം. മോഹന്‍ലാല്‍ എന്ന നടന്‍റെ താരമൂല്യത്തിനോ ജോഷിയുടെ വലിയ ക്യാന്‍‌വാസിനോ ആ സിനിമയെ രക്ഷിക്കാനായില്ല.

അടുത്ത പേജില്‍ - ജെന്‍റില്‍‌മാന്‍ തരംഗമായില്ല!

PRO
സൂപ്പര്‍ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് സിദ്ദിക്ക്. ഹരിഹര്‍ നഗറും റാം‌ജിറാവുവും ഗോഡ്ഫാദറുമൊക്കെ സിദ്ദിക്ക് മാജിക്കിന്‍റെ കൈയൊപ്പുമായി എന്നും പ്രേക്ഷകര്‍ താലോലിക്കുന്നുണ്ട്. ആ സിദ്ദിക്ക് ഹിന്ദിയില്‍ 100 കോടി വിജയം കൊയ്ത ബോഡിഗാര്‍ഡിന് ശേഷം മലയാളത്തില്‍ മടങ്ങിയെത്തി ചെയ്ത പടമായിരുന്നു ‘ലേഡീസ് ആന്‍റ് ജെന്‍റില്‍‌മാന്‍’. സിദ്ദിക്ക് സിനിമകളുടെ പ്രേക്ഷകരെയും മോഹന്‍ലാല്‍ ആരാധകരെയും നിരാശയിലാക്കിയ സിനിമയായിരുന്നു അത്. സിദ്ദിക്ക് തന്‍റെ പഴയഫോമിന്‍റെ ഏഴയലത്തേക്കുപോലും എത്തിയില്ല.

അടുത്ത പേജില്‍ - നിരാശയുടെ നടുക്കടല്‍ കടക്കാനാകാതെ...

PRO
മെഗാഹിറ്റുകളുടെ എഴുത്തുകാരന്‍ വഴിമാറിനടന്നപ്പോല്‍ മലയാളസിനിമയ്ക്ക് നല്ല കുറേ ചിത്രങ്ങള്‍ കിട്ടി. പാലേരി മാണിക്യം, പ്രാഞ്ചിയേട്ടന്‍, നന്ദനം, കൈയൊപ്പ്, തിരക്കഥ, ഇന്ത്യന്‍ റുപ്പീ, സ്പിരിറ്റ് തുടങ്ങിയ നല്ല സിനിമകളിലൂടെ മലയാളത്തില്‍ ഒരു പുതിയ വസന്തം തീര്‍ക്കുകയായിരുന്നു രഞ്ജിത്. അതുകൊണ്ടുതന്നെ നിറഞ്ഞ പ്രതീക്ഷയോടെയാണ് രഞ്ജിത്തിന്‍റെ പുതിയ സിനിമയായ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ക്ക് പ്രേക്ഷകര്‍ ടിക്കറ്റെടുത്തത്. എന്നാല്‍ എല്ലാവരെയും നിരാശയുടെ കടലില്‍ മുക്കിക്കൊന്ന സിനിമയായി മാത്തുക്കുട്ടി.

അടുത്ത പേജില്‍ - കത്തിയത് വിവാദം മാത്രം, സിനിമ നനഞ്ഞ പടക്കം!

PRO
പ്രസവചിത്രീകരണത്തിന്‍റെ പേരില്‍ വിവാദക്കൊടുങ്കാറ്റുയര്‍ത്തിയ ‘കളിമണ്ണ്’ തിയേറ്ററിലെത്തിയപ്പോള്‍ നനഞ്ഞുകുതിര്‍ന്നു. ഒരു ക്ലാസ് സിനിമ പ്രതീക്ഷിച്ചെത്തിയ പ്രേക്ഷകര്‍ക്ക് ശരാശരിച്ചിത്രം പോലുമായില്ല കളിമണ്ണ്. തിരക്കഥയില്‍ വലിയ പാളിച്ചകള്‍ നേരിട്ട സിനിമയ്ക്ക് ഏറ്റവും വലിയ ന്യൂനത അതിന്‍റെ ക്ലൈമാക്സ് തന്നെയാണ്. കാഴ്ചയും തന്‍‌മാത്രയും ഭ്രമരവുമൊരുക്കിയ ബ്ലെസിക്ക് കളിമണ്ണ് പ്രത്യേകിച്ച് ഒരു നേട്ടവും സമ്മാനിക്കുന്നില്ല.

വെബ്ദുനിയ വായിക്കുക