കോടിപതിയാകാന്‍ ചിമ്പുവില്ല

ബുധന്‍, 4 ഫെബ്രുവരി 2009 (19:55 IST)
PROPRO
രണ്ടും കല്‍പ്പിച്ച് തമിഴക ലിറ്റില്‍ സൂപ്പര്‍ സ്റ്റാര്‍ ചിമ്പു ഒരു തീരുമാനമെടുത്തതാണ്. ഓസ്കര്‍ നോമിനേഷനുകള്‍ വാരിക്കൂട്ടിയ ‘സ്ലംഡോഗ് മില്യണയര്‍’ എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുക. അതില്‍ തെരുവുബാലനായി അഭിനയിക്കുക. തമിഴ്‌നാട്ടിലെ ചില അഴിമതിക്കഥകളൊക്കെ പശ്ചാത്തലമാക്കുക. ഓസ്കര്‍ വരെ പോകാനായില്ലെങ്കിലും ഒരു ദേശീയ പുരസ്കാരം എങ്ങനെയും ഒപ്പിച്ചെടുക്കുക.

എന്തായാലും ഈ തീരുമാനത്തില്‍ നിന്ന് ചിലമ്പരശന്‍ പിന്‍‌മാറിയതായാണ് ഇപ്പോള്‍ കാണിക്ക് അറിയാന്‍ കഴിയുന്നത്. സ്ലംഡോഗ് റീമേക്ക് ചെയ്യുന്നതിന് ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് താരം തിരിച്ചറിഞ്ഞതായാണ് വിവരം.

പ്രധാനപ്രശ്നം സ്ലംഡോഗ് മില്യണയര്‍ തമിഴ്‌നാട്ടില്‍ വന്‍ പ്രചാരം നേടി എന്നുള്ളതാണ്. ചിത്രത്തിന്‍റെ ഇംഗ്ലീഷ് പതിപ്പും ഹിന്ദി, തമിഴ് മൊഴിമാറ്റങ്ങളും തമിഴ്നാട്ടില്‍ റിലീസ് ചെയ്തിരുന്നു. ഗോള്‍ഡന്‍ ഗ്ലോബും ഓസ്കര്‍ നോമിനേഷനുമൊക്കെയായി സിനിമ പ്രശസ്തമായപ്പോള്‍ തമിഴ്നാട്ടിലെ സാധാരണ സിനിമാപ്രേക്ഷകര്‍ പോലും സ്ലംഡോഗ് കണ്ടതായാണ് റിപ്പോര്‍ട്ട്.

ഈ ചിത്രം റീമേക്കു ചെയ്താല്‍ അതുകൊണ്ടു തന്നെ വേണ്ട രീതിയില്‍ സ്വീകരിക്കപ്പെടുമോ എന്ന് ചിമ്പു സംശയിക്കുന്നു. മാത്രമല്ല, ദേവ് പട്ടേല്‍ അവതരിപ്പിച്ച പ്രധാന കഥാപാത്രത്തെയാണ് ചിമ്പു അവതരിപ്പിക്കാന്‍ ആലോചിച്ചിരുന്നത്. ലിറ്റില്‍ സൂപ്പര്‍ സ്റ്റാറിന് തന്‍റെ മാനറിസങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പറ്റുന്ന രംഗങ്ങളൊന്നും ചിത്രത്തിലില്ല. തുടര്‍ച്ചയായി പരാജയങ്ങള്‍ മാത്രം അനുഭവിക്കുകയും സിനിമയുടെ ഒടുവില്‍ മാത്രം വിജയിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. അഞ്ചു മിനുട്ട് ഇടവിട്ട് സൂപ്പര്‍താര പ്രകടനങ്ങള്‍ നടത്താനൊന്നും സ്ലംഡോഗില്‍ സ്കോപ്പില്ലെന്ന് സാരം.

എന്തായാലും സ്ലംഡോഗ് റീമേക്ക് ചെയ്യുന്ന പദ്ധതി ചിമ്പു ഉപേക്ഷിച്ചു. എങ്കിലും സന്തോഷകരമായ ഒരു വാര്‍ത്ത താരത്തെ തേടി എത്തിയിട്ടുണ്ട്. ഗൌതം മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായകനാകാന്‍ ചിമ്പുവിനെ പരിഗണിക്കുന്നുണ്ടത്രേ.

വെബ്ദുനിയ വായിക്കുക