എല്ലാ അവസാനത്തിനും ഒരു പുതിയ ആരംഭമുണ്ട് - അത് കണ്ടറിയാന്‍ മോഹന്‍ലാല്‍, പ്രതികാരവുമായി പൃഥ്വി !

ചൊവ്വ, 28 ഏപ്രില്‍ 2015 (13:39 IST)
മോഹന്‍ലാലും പൃഥ്വിരാജും ‘ലോഹം’ എന്ന സിനിമയില്‍ ഒന്നിക്കുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ സമാനമായ മറ്റൊരു വാര്‍ത്തകൂടി. ഉടന്‍ തന്നെ ലാല്‍-പൃഥ്വി കൂട്ടുകെട്ടില്‍ അടുത്ത സിനിമയും വരും. ചിത്രത്തിന് ‘കനല്‍’ എന്ന് പേരിട്ടിരിക്കുന്നു. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ഈ റിവഞ്ച് ഡ്രാമയുടെ തിരക്കഥ എസ് സുരേഷ്ബാബു.
 
‘എവരി എന്‍ഡിംഗ് ഹാസ് എ ന്യൂ ബിഗിനിംഗ്’ എന്നാണ് ഈ സിനിമയുടെ ടാഗ് ലൈന്‍. പകയുടെ കനലുകളെരിയുന്ന മനസുകളുമായി രണ്ട് അപരിചിതര്‍ ദുബായില്‍ കണ്ടുമുട്ടുന്നതാണ് ചിത്രത്തിന്‍റെ പ്ലോട്ട്. മോഹന്‍ലാലിനൊപ്പം നായകതുല്യകഥാപാത്രമായാണ് പൃഥ്വി എത്തുന്നത്.
 
പത്മകുമാര്‍ ഇതിനുമ്പ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ ശിക്കാര്‍ വന്‍ ഹിറ്റായിരുന്നു. അമ്മക്കിളിക്കൂട്, വാസ്തവം, വര്‍ഗം തുടങ്ങിയ പത്മകുമാര്‍ സിനിമകളില്‍ പൃഥ്വിരാജ് ആയിരുന്നു നായകന്‍. ഇതില്‍ വാസ്തവത്തിലെ അഭിനയം പൃഥ്വിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിക്കൊടുത്തിരുന്നു.
 
എന്നാല്‍ ഇതുകൊണ്ടും പൃഥ്വി - മോഹന്‍ലാല്‍ കൂട്ടുകെട്ട് അവസാനിക്കില്ല. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറിലും ഇവര്‍ തന്നെയാണ് നായകന്‍‌മാര്‍.

വെബ്ദുനിയ വായിക്കുക