എതിര്‍ക്കാനാരുണ്ട്? ലോഹം ടീസര്‍ മെഗാഹിറ്റ് !

വ്യാഴം, 13 ഓഗസ്റ്റ് 2015 (15:02 IST)
‘ലോഹം’ എന്ന ചിത്രത്തിനുമേല്‍ പ്രേക്ഷകര്‍ക്ക് എത്രമാത്രം പ്രതീക്ഷയുണ്ടെന്ന് തെളിയിക്കുകയാണ് ചിത്രത്തിന്‍റെ ടീസര്‍. പുറത്തിറങ്ങി ഒരുമണിക്കൂറിനുള്ളില്‍ ഒരുലക്ഷത്തിലധികം വ്യൂവേഴ്സിനെ നേടിയ ലോഹം കാഴ്ചക്കാരുടെ കണക്കില്‍ പുതിയ റെക്കോര്‍ഡിട്ട് കുതിക്കുകയാണ്.
 
ചിത്രം താന്‍ സൃഷ്ടിച്ച മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ മറ്റൊരു പതിപ്പല്ലെന്ന് രഞ്ജിത് പറയുന്നുണ്ടെങ്കിലും ടീസര്‍ സൂചിപ്പിക്കുന്നത് നിറയെ പഞ്ച് ഡയലോഗുകളും ഒന്നാന്തരം ആക്ഷനുമൊക്കെയുള്ള തകര്‍പ്പന്‍ മാസ് എന്‍റര്‍ടെയ്നര്‍ എന്നാണ്.
 
“ഇത് നരിയും കുറുക്കനും പാമ്പുമൊക്കെ വാഴുന്ന കാടാണ്. തിന്നാന്‍ വേണ്ടിയും കൊല്ലും കൊല്ലാന്‍ വേണ്ടിയും കൊല്ലും” - എന്ന ഡയലോഗ് മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ഓണത്തിന് റിലീസാകുന്ന മറ്റ് വമ്പന്‍ ചിത്രങ്ങളെയെല്ലാം ഇപ്പോള്‍ തന്നെ പിന്നിലാക്കാന്‍ പോകുന്ന ഉശിര് ഈ ഒറ്റ ഡയലോഗിനുണ്ടെന്നാണ് ലാല്‍ ഫാന്‍സ് പറയുന്നത്.
കുഞ്ഞുണ്ണി എസ് കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയില്‍ മോഹന്‍ലാലിന്‍റെ ഏറ്റവുമടുത്ത കൂട്ടാളികളായി നിറഞ്ഞുനില്‍ക്കുന്നത് രണ്‍ജി പണിക്കരും അബു സലിമുമാണ്. ആന്‍ഡ്രിയയാണ് ചിത്രത്തിലെ നായിക.
 
ഇത് കള്ളക്കടത്തിന്‍റെ കഥയല്ലെന്നും കള്ളം കടത്തുന്ന കഥയാണെന്നുമുള്ള ടാഗ് ലൈനോടെ എത്തുന്ന ലോഹം ഈ ഓണക്കാലത്ത് തിയേറ്ററുകളെ ഉത്സവപ്പറമ്പുകളാക്കുമെന്ന് പ്രതീക്ഷിക്കാം. 

വെബ്ദുനിയ വായിക്കുക