ഉറുമിക്കുവേണ്ടി കഷ്ടപ്പെട്ടു, നേട്ടമുണ്ടായത് ഇന്ത്യന്‍ റുപ്പിക്ക്!

ബുധന്‍, 8 ഓഗസ്റ്റ് 2012 (14:36 IST)
PRO
മലയാള സിനിമയ്ക്ക് ഒരു വിസ്മയചിത്രമായിരുന്നു ‘ഉറുമി’. സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഈ സിനിമ ടെക്‍നിക്കല്‍ പെര്‍ഫെക്ഷനുള്ള ഒരു ചരിത്രസിനിമയായിരുന്നു. എന്നാല്‍ പൂര്‍ണമായും ചരിത്രം പറയുന്ന സിനിമയല്ല, ഫിക്ഷന്‍ ചേര്‍ത്തുള്ള ഒരു ഡോക്യു-ഫിക്ഷന്‍ മോഡല്‍. തിയേറ്ററുകളില്‍ ആവറേജ് വിജയം നേടിയ ഉറുമി അവാര്‍ഡുകള്‍ വാരിക്കൂട്ടുമെന്നായിരുന്നു സന്തോഷ് ശിവനും നിര്‍മ്മാതാവ് ഷാജി നടേശനും പൃഥ്വിരാജുമൊക്കെ കരുതിയത്. എന്നാല്‍ വിരലിലെണ്ണാവുന്ന അവാര്‍ഡുകള്‍ മാത്രമാണ് ഉറുമിക്ക് ലഭിച്ചത്.

പൃഥ്വിയും സന്തോഷ് ശിവനും ഷാജി നടേശനും ചേര്‍ന്ന് ‘ഓഗസ്റ്റ് സിനിമ’ എന്ന പേരില്‍ ഉണ്ടാക്കിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യ ചിത്രമായിരുന്നു ഉറുമി. ഇവര്‍ പിന്നീടൊരുക്കിയത് പൃഥ്വി തന്നെ നായകനായ ‘ഇന്ത്യന്‍ റുപ്പി’ ആയിരുന്നു. ഉറുമിയുടെ ഗതി ഇന്ത്യന്‍ റുപ്പിക്ക് ഉണ്ടായില്ല. അത് ബോക്സോഫീസില്‍ ഹിറ്റാകുകയും അവാര്‍ഡുകളായ അവാര്‍ഡുകളെല്ലാം നേടുകയും ചെയ്തു.

“ഉറുമിക്ക് വേണ്ടി ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെട്ടു. സന്തോഷ് ശിവനും പൃഥ്വിരാജും ശങ്കര്‍ രാമകൃഷ്ണനും ഞാനും എല്ലാം ശാരീരികമായും മാനസികമായും വല്ലാത്ത കഠിനാദ്ധ്വാനമാണ് ആ ചിത്രത്തിനുവേണ്ടി ചെയ്തത്. ഇന്ത്യന്‍ റുപ്പിക്കാകട്ടെ അതിന്‍റെ ഒരംശം അധ്വാനം പോലും വേണ്ടിവന്നില്ല. പക്ഷേ അംഗീകാരങ്ങള്‍ പുഷ്പവര്‍ഷം ചൊരിയുന്നത് ഇന്ത്യന്‍ റുപ്പിക്ക്!” - നിര്‍മ്മാതാവ് ഷാജി നടേശന്‍ അത്ഭുതം കൂറുന്നു.

“ചരിത്രം മാറ്റിയെഴുതി എന്ന വിമര്‍ശനം ശക്തമായതാണ് ഉറുമിക്ക് പ്രശ്നമായതെന്ന് തോന്നുന്നു. പക്ഷേ സിനിമ തുടങ്ങുമ്പോള്‍, ഉറുമിയുടെ കഥ തീര്‍ത്തും ചരിത്രമല്ലെന്നും ഫിക്ഷന്‍ കലര്‍ത്തിയതാണെന്നും എഴുതിക്കാണിക്കുന്നുണ്ട്” - ഷാജി നടേശന്‍ ഒരു സിനിമാ വാരികയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

എന്താണ് വായനക്കാരുടെ അഭിപ്രായം? ഉറുമിയാണോ ഇന്ത്യന്‍ റുപ്പിയാണോ മികച്ച സിനിമ? കമന്‍റുകളിലൂടെ പ്രതികരിക്കുക.

വെബ്ദുനിയ വായിക്കുക