ന്യൂജനറേഷന്‍ സംവിധായകരുടെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. ചാപ്പാക്കുരിശിലൂടെ ശക്തമായ തിരിച്ച് വരവ് നടത്തിയ ഫഹദിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. അഭിനയിച്ച ചിത്രങ്ങളൊക്കെ ഹിറ്റ്. ആദ്യചിത്രമായ ഡാഡികൂള്‍ പരാജയത്തിന് ശേഷം തിരിച്ച് വന്ന ആഷിഖ് അബുവും ഹിറ്റുകള്‍ മാത്രമെ തന്നിട്ടുള്ളു. ആഷിഖ് അബുവിന്റെ രണ്ടാമത്തെ ഹിറ്റ് ചിത്രമായ 22 ഫീമെയില്‍ കോട്ടയത്തില്‍ നായകാനായത് ഫഹദ് ആയിരുന്നു. ഇരുവരും വീണ്ടും രണ്ട് ചിത്രങ്ങളില്‍ ഒരുമിക്കുകയാണ്.
മമ്മൂട്ടിയെ നായകനാക്കി ആഷിഖ് അബു വളരെ മുന്‍പ് തന്നെ പ്ലാന്‍ ചെയ്ത ഗ്യാങ്സ്റ്ററില്‍ ഫഹദും പ്രധാന വേഷത്തില്‍ എത്തുന്നുവെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. "ടാ തടിയാ" എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഉടനെ ആഷിക് അബു ഗ്യാങ്സ്റ്ററിന്റെ ജോലികള്‍ തുടങ്ങും. മംഗലാപുരം കേന്ദ്രീകരിച്ച് അരങ്ങേറുന്ന അധോലോക പ്രവര്‍ത്തനങ്ങളാണ് ഗ്യാങ്സ്റ്ററിന്റെ പ്രമേയം. ഹോളിവുഡ് ത്രില്ലറുകളോട് കിടപിടിക്കുന്ന രീതിയിലാണ് ചിത്രം ഒരുക്കുകയെന്ന് ആഷിക് പറഞ്ഞു. ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം പ്രാധാന്യമുള്ള റോളിലാണ് ഫഹദ് അഭിനയിക്കുന്നത്.
ആഷിഖ് അബുവും ഫഹദും ഒന്നിക്കുന്ന മറ്റൊരു ചിത്രം ‘അന്നയും റസൂലും’ എന്ന ചിത്രമാണ്. പ്രശസ്ത ക്യാമറാമാന്‍ രാജീവ് രവി ഒരുക്കുന്ന ഈ ചിത്രത്തില്‍ ക്യാമറയ്ക്ക് മുന്നിലാണ് ആഷിഖ് അബു പ്രത്യക്ഷപ്പെടുന്നത്. ഫഹദിന്റെ ജ്യേഷ്ഠന്റെ വേഷമാണ് ആഷിഖ് അബുവിന്. വ്യത്യസ്ത മതവിഭാഗത്തില്‍പ്പെട്ട രണ്ടുപേരുടെ പ്രണയമാണ് ഇതില്‍ പറയുന്നത്‍. ഒരു മുസ്‌ലിം യുവാവും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ട ഒരു പെണ്‍കുട്ടിയുമാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. സംവിധായകന്‍ രഞ്ജിത്തും ഇതില്‍ അഭിനയിക്കുന്നുണ്ട്.