അസുരവിത്തിന് ശേഷം എ കെ സാജന്‍ വീണ്ടും - ‘ഓഷോ’

വ്യാഴം, 5 ജൂലൈ 2012 (14:33 IST)
PRO
അസുരവിത്ത് പരാജയപ്പെട്ടതോടെ സംവിധായകന്‍ എ കെ സാജന്‍ ട്രാക്ക് മാറുകയാണ്. ആക്ഷന്‍ ത്രില്ലറുകള്‍ക്ക് തല്‍ക്കാലം വിട. സാജന്‍ കുടുംബ ചിത്രങ്ങളിലേക്ക് തിരിയുകയാണ്. എ കെ സാജന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് പേര് ‘ഓഷോ’.

ബിജുമേനോനും കാവ്യാ മാധവനുമാണ് ഓഷോയിലെ നായകനും നായികയും. ഓഷോയുടെ ദര്‍ശനങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ഒരു കുടുംബസ്ഥന്‍റെ കഥയാണ് ചിത്രം പറയുന്നത്.

“ഇതൊരു ആക്ഷേപഹാസ്യ ചിത്രമാണ്. ബിജുമേനോന്‍ അവതരിപ്പിക്കുന്ന നായകകഥാപാത്രം ഓഷോ ദര്‍ശനങ്ങളില്‍ വിശ്വസിക്കുന്നയാളാണ്. അയാള്‍ കുടുംബജീവിതം നയിക്കുമ്പോള്‍ ഉണ്ടാകുന്ന പാകപ്പിഴകളാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്” - എ കെ സാജന്‍ വ്യക്തമാക്കി.

“കുടുംബജീവിതം നയിക്കുന്നതിനോട് ഓഷോയുടെ ദര്‍ശനങ്ങള്‍ യോജിക്കുന്നില്ല. അതാണ് ഞാന്‍ ഈ ചിത്രത്തില്‍ ഹൈലൈറ്റ് ചെയ്യുന്നത്. സ്ത്രീകളുമായുള്ള ബന്ധത്തില്‍ സ്നേഹവും വിശ്വാസവും പുലര്‍ത്തേണ്ടതില്ലെന്നാണ് ഈ നായകന്‍ വിശ്വസിക്കുന്നത്” - സാജന്‍ പറയുന്നു.

ഒക്ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ഓഷോയില്‍ നെടുമുടി വേണു, ജയഭാരതി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.

വെബ്ദുനിയ വായിക്കുക