മലയാള സിനിമയില്‍ അനൂപ് മേനോന് എന്ന വ്യക്തി നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. നടനായി, തിരക്കഥാകൃത്തായി, ഗാനരചയിതാവായി തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് സഞ്ചരിക്കുന്നു അദ്ദേഹം. ഈ വര്‍ഷം തമിഴിലും ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുകയാണ്. മീര കതിരവന്‍ സംവിധാനം ചെയ്യുന്ന ‘ചെന്നൈയില്‍ ഒരു നല്ലിരവ്’ എന്ന ചിത്രത്തിലൂടെയാണ് അനൂപ് തമിഴിലെത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്ത അനൂപ് മേനോന് ഹോളിവുഡിലേക്ക് നീങ്ങുന്നു എന്നതാണ്. അനൂപ് ഒരു ഹോളിവുഡ് ചിത്രത്തിന് തിരക്കഥ രചിക്കുന്നു. ഒപ്പം പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയായ അനിതാ നായരുമുണ്ട്. അനൂപ് വനിത മാഗസിനിലെഴുതിയ ‘ആര്‍തര്‍ ഗോപാല്‍ റെള്ട്ടന്’ എന്ന നോവലെറ്റിനെ അധികരിച്ചാണ് ഈ ഹോളിവുഡ് ചിത്രം ഒരുക്കുന്നത്. വി കെ പ്രകാശ് ഈ സിനിമ സംവിധാനം ചെയ്യുമെന്ന് സൂചനയുണ്ട്.
അനൂപ് മേനോനും അനിതാ നായരും ചേര്‍ന്ന് ‘ആര്‍തര്‍ ഗോപാല്‍ റെള്ട്ടന്’ ഒരു വലിയ ഇംഗ്ലീഷ് നോവലാക്കി മാറ്റാന്‍ ഉദ്ദേശിക്കുന്നുണ്ട്. ഇത് പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഒരു ഇന്റര്‍നാഷണല്‍ പബ്ലിഷര്‍ എത്തിയിട്ടുണ്ട്. ഈ നോവല്‍ പൂര്‍ത്തിയായതിന് ശേഷം അതിനെ ഒരു തിരക്കഥാ രൂപത്തിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്.
അനൂപ് മേനോന് - അനിതാ നായര്‍ - വി കെ പ്രകാശ് ടീമിന്റെ ഹോളിവുഡ് ചിത്രത്തിനായി ഒരു ഹോളിവുഡ് പ്രൊഡക്ഷന്‍ ഹൌസും റെഡിയായിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം. വലിയ ബജറ്റിലൊരുങ്ങുന്ന ഈ സിനിമ ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കും.