അധോലോകത്തെ ഇടിച്ചുനിരത്തി മമ്മൂട്ടിയുടെ സാധാ പൊലീസ്!

ശനി, 13 മെയ് 2017 (14:48 IST)
2004 നവംബര്‍ 10നാണ് രഞ്ജിത് സംവിധാനം ചെയ്ത ‘ബ്ലാക്ക്’ റിലീസായത്. കാരിക്കാമുറി ഷണ്മുഖന്‍ എന്ന കഥാപാത്രമായി മമ്മൂട്ടി തകര്‍ത്തഭിനയിച്ച സിനിമ. അമല്‍ നീരദായിരുന്നു ചിത്രത്തിന്‍റെ ഛായാഗ്രഹണം. ഡെവിന്‍ കാര്‍ലോസ് പടവീടന്‍ എന്ന വില്ലന്‍ കഥാപാത്രമായി ലാല്‍ മിന്നിത്തിളങ്ങി. ലാല്‍ തന്നെയായിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.
 
കൊച്ചിയിലെ അധോലോകത്തിന്‍റെയും ക്വട്ടേഷന്‍ സംഘങ്ങളുടെയും കഥയായിരുന്നു ബ്ലാക്ക് എന്ന ആക്ഷന്‍ ത്രില്ലര്‍ പറഞ്ഞത്. ഒരേ സമയം പൊലീസുകാരനും അധോലോക ഗുണ്ടയുമായി മമ്മൂട്ടി വ്യത്യസ്തമായ പ്രകടനം നടത്തി. റഹ്‌മാന്‍ എന്ന നടന്‍റെ തിരിച്ചുവരവിന് കളമൊരുക്കിയ സിനിമ കൂടിയായിരുന്നു ബ്ലാക്ക്.
 
തമ്പുരാന്‍ സിനിമകളിലൂടെയും അമാനുഷ കഥാപാത്രങ്ങളിലൂടെയും മലയാള സിനിമയുടെ പൊന്നിന്‍‌വിലയുള്ള തിരക്കഥാകൃത്തും സംവിധായകനുമായി മാറിയ രഞ്ജിത് റിയലിസ്റ്റിക് സിനിമകളിലേക്കുള്ള ചുവടുമാറ്റത്തിന്‍റെ തുടക്കമായിരുന്നു ബ്ലാക്ക്. ഷണ്‍‌മുഖന്‍ എന്ന കഥാപാത്രത്തില്‍ ഹീറോയിസത്തേക്കാള്‍ കൂടുതല്‍ ഒരു നിസഹായനായ മനുഷ്യന്‍റെ പ്രതികരണങ്ങളാണ് കാണാന്‍ കഴിയുന്നത്.
 
വളരെ വ്യത്യസ്തമായതും മനസില്‍ തറഞ്ഞുനില്‍ക്കുന്നതുമായ ഒരു ക്ലൈമാക്സാണ് ബ്ലാക്കിനുവേണ്ടി രഞ്ജിത്ത് ഒരുക്കിയത്. പടവീടന്‍ വക്കീലിനെ ഷണ്‍‌മുഖന്‍ കൊലപ്പെടുത്തുന്ന ആ രംഗം ലാലിന്‍റെയും മമ്മൂട്ടിയുടെയും തകര്‍പ്പന്‍ പ്രകടനങ്ങളാല്‍ വേറിട്ടുനിന്നു.
 
റഹ്‌മാന്‍റെ കിടിലന്‍ ഡാന്‍സ് ഉള്‍പ്പെടുന്ന ഒരു ഗാനരംഗം ചിത്രത്തിന്‍റെ ഹൈലൈറ്റായിരുന്നു. മമ്മൂട്ടിയും റഹ്‌മാനും ലാലുമെല്ലാം തകര്‍ത്തഭിനയിച്ച ബ്ലാക്ക് മലയാള സിനിമയിലെ ഡാര്‍ക്ക് സിനിമകളുടെ ഗണത്തില്‍ മുന്‍‌നിരയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക