നിറങ്ങളില്‍ നീരാടുന്ന ഹോളി!

ബുധന്‍, 27 മാര്‍ച്ച് 2013 (11:46 IST)
PTI
ഇന്ത്യ നിറങ്ങളില്‍ കുളിക്കുന്ന ദിനമാണ് ഹോളി. ഹോളിയുടെ ആഘോഷ നിറങ്ങളാല്‍ ഇന്ത്യ ആഹ്ളാദ തിമിര്‍പ്പിലാവുന്നു. ഹോളിയോടനുബന്ധിച്ച് മിക്ക വിഷ്ണു ക്ഷേത്രങ്ങളിലും വിശേഷ പൂജ നടക്കുന്നു. ശ്രീകൃഷ്ണന്‍ കൂടുതല്‍ കാലം ചെലവഴിച്ച മഥുരയിലും വൃന്ദാവനിലും ആഘോഷങ്ങള്‍ 16 ദിനങ്ങള്‍ നീണ്ടു നില്‍ക്കും.

വിഷ്ണു ഭക്തനായ പ്രഹ്ളാദനുമായി ബന്ധപ്പെട്ടതാണ് ഹോളി പുരാണം. നന്മയുടെ പ്രതീകമായ പ്രഹ്ളാദന്‍ തിന്മയുടെ പ്രതീകമായ ഹോളികയുമൊത്ത് അഗ്നികുണ്ഡത്തില്‍ ഇരുന്നു. തിന്മയുടെ പ്രതീകം കത്തി ചാമ്പലായപ്പോള്‍ നന്മ നിറഞ്ഞവനായ പ്രഹ്ളാദന്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടു എന്നും വിശ്വാസികള്‍ കരുതുന്നു.

പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഹോളി ദിനം അതി വിശിഷ്ടമായാണ് ആചരിക്കുന്നത്. ഇവിടെ രഥയാത്രയ്ക്കും ചന്ദന്‍ യാത്രയ്ക്കും ശേഷമുള്ള ഡോലോ യാത്ര നടക്കുന്നത് ഈ ദിനത്തിലാണ്. വസന്ത കാലത്തെ വരവേല്‍ക്കുന്ന ഉത്സവം എന്ന പ്രത്യേകത കൂടി ഹോളിക്കുണ്ട്.

കുട്ടികളെ പേടിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു രാക്ഷസിയെ ഓടിക്കാനാണ് ഹോളി ആചരിച്ചുതുടങ്ങിയത് എന്നാണ് ഹോളിയെ കുറിച്ച് ഭവിഷ്യ പുരാണത്തിലുള്ള സൂചന. രാക്ഷസിയെ പേടിപ്പിച്ച് ഓടിക്കാന്‍ ഗ്രാമീണര്‍ രാത്രി തീക്കുണ്ടം ഉണ്ടാക്കുകയും അശ്ലീല വാക്കുകള്‍ പറഞ്ഞ് വിരട്ടുകയും ചെയ്തു എന്ന് വിശ്വസിക്കുന്നു.

ഹോളിയുടെ ഒരു പ്രധാന ആചാരം ഹോളികയെ കത്തിച്ച് ചാമ്പലാക്കലാണ്. ഹോളിക എന്ന രാക്ഷസിയില്‍ നിന്നാണ് ഹോളി എന്ന പേരു തന്നെ ഉണ്ടാവുന്നത്. അസുര രാജാവായ ഹിരണ്യകശിപുവിന്‍റെ സഹോദരിയാണ് ഹോളിക.

കുട്ടികളെ ഉപദ്രവിച്ചിരുന്ന പൂതന, ഹോളിക തുടങ്ങിയ ഭീകര രാക്ഷസികളെ കത്തിച്ച് ചാമ്പലാക്കുക എന്ന ആശയമായിരിക്കാം ഹോളിയായി പരിണമിച്ചത്. ചിലര്‍ ഇത് കാമദഹനത്തിന്‍റെ സൂചനയാണെന്നും വിശ്വസിക്കുന്നു.

മറ്റ് ചില പണ്ഡിതന്‍‌മാര്‍ പറയുന്നത് പുരാതന കാലത്തുണ്ടായിരുന്ന അഗ്നി ആരാധനയുടെ ഭാഗമാണ് ഹോളി എന്നാണ്. എന്തായാലും രാത്രി മാത്രമേ ഹോളിയുടെ തീക്കുണ്ടം ഉണ്ടാക്കാറുള്ളു. ഹോളി തീക്കുണ്ഡം കത്തിക്കുന്ന ആള്‍ ദേഹശുദ്ധി വരുത്തുകയും നീച നിശാചര പിശാചുക്കളില്‍ നിന്ന് തന്നെയും കുടുംബത്തെയും രക്ഷിക്കാനായി ‘ഞങ്ങള്‍ ഒരുമിച്ച് ആരാധന നടത്തുന്നു’ എന്ന് ഉറക്കെ വിളിച്ചുപറയുകയും വേണം

തീക്കുണ്ഡം ഉണ്ടാക്കി കഴിഞ്ഞ ശേഷം അത് പാലും നെയ്യും ഉപയോഗിച്ച് അണച്ച് കളയണം. ചുറ്റും കൂടിയ ആളുകള്‍ക്ക് നാളികേരവും പഴവും വിതരണം ചെയ്യണം. പിന്നെ രാത്രി മുഴുവന്‍ പാട്ടും നൃത്തവുമായി കഴിയണം. പിറ്റേന്ന് രാവിലെ പുളിച്ച തെറി പറഞ്ഞുവേണം ഹോളിയുടെ ചാരം ഒഴുക്കിക്കളയാന്‍.

ചില സ്ഥലങ്ങളില്‍ ശരീരം മുഴുവന്‍ ഭസ്മം, ചാണകം, ചെളി എന്നിവ പൂശി പാട്ടുപാടി നൃത്തം ചെയ്യുന്നതും പതിവാണ്.

ഹോളി ഇന്ത്യയുടെ എല്ലാ ഭാഗത്തും വര്‍ണ്ണോത്സവമായും ഹോളികാ ദഹനമായും ആഘോഷിക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ഇത് കാമദഹന ദിനമായാണ് ആചരിക്കുന്നത്. കൊടും തപം അനുഷ്ഠിച്ചിരുന്ന പരമശിവന്‍റെ മനസ്സ് ഇളക്കി, വിവാഹാഭ്യര്‍ത്ഥന നടത്തി പ്രാര്‍ത്ഥനാ നിരതയായി കഴിയുന്ന പാര്‍വതിയില്‍ അനുരക്തനാക്കി മാറ്റാന്‍, കാമദേവന്‍ പുഷ്പബാണം അയയ്ക്കുകയും ഇതറിഞ്ഞ ഭഗവാന്‍ തൃക്കണ്‍ തുറന്ന് കാമദേവനെ ചാമ്പലാക്കുകയും ചെയ്തു. ഇതാണ് കാമദഹന കഥ.

ഹോളിക്ക് പല സവിശേഷതകളുമുണ്ട്. തേജ് എന്ന പേരിലാണ് നേപ്പാളിലും ഇന്ത്യയ്ക്ക് പുറത്തും ഹോളി ആഘോഷിക്കുന്നത്. ആഗോളമായ വിവിധ പ്രഭാവങ്ങളുടെ ദിനമായാണ് ഹോളിയെ കണക്കാക്കുന്നത്.

ഈ പ്രഭാവത്തിന്‍റെ വിവിധ തരംഗങ്ങള്‍ ഗോളത്തെ ചുറ്റി പല നിറങ്ങളില്‍ സഞ്ചരിക്കുന്നു. അത് അന്തരീക്ഷത്തില്‍ പലതരത്തിലുള്ള ഗുണകരമായ ചലനങ്ങളും മാറ്റങ്ങളും ഉണ്ടാക്കുന്നു. അതാണ് ഹോളിയുടെ ഒരു സവിശേഷത.

ഹോളി മൂന്നു തരത്തിലുള്ള ഉത്സവമായിട്ടാണ് ഉത്തരേന്ത്യയില്‍ ആഘോഷിക്കുന്നത്. ഒന്ന് ഹോളികോത്സവം (ഹോളി), രണ്ടാമത്തേത് ധൂളികോത്സവം (ധുല്‍‌വാഗ്), മൂന്നാമത്തേത് രംഗോത്സവം(രംഗപഞ്ചമി). ഇവ മൂന്നും പ്രത്യേകം പ്രത്യേകമായിട്ടാണ് ആഘോഷിക്കുന്നത്.

ചന്ദ്രമാസമായ ഫാല്‍ഗുനത്തിലെ പൌര്‍ണ്ണമി നാള്‍ മുതല്‍ പഞ്ചമി നാള്‍ വരെയാണ് ഹോളി ഉത്സവം വിവിധ പ്രദേശങ്ങളില്‍ അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ ആഘോഷിക്കുക. ഉത്തരേന്ത്യയില്‍ ഇതിനു ഹോറി, ധോലയാത്ര എന്നിങ്ങനെയാണ് പേരുകള്‍. ഗോവ, കൊങ്കണ്‍, മഹാരാഷ്ട്ര ഭാഗങ്ങളില്‍ ഹിന്ദുസ്ഥാനി മഹോത്സവം, ഷിംഗ, ഹോളികാ ദഹന്‍ എന്നിങ്ങനെയാണ് പേരുകള്‍. ചിലരിതിനെ വസന്തോത്സവമെന്നും വസന്താഗമനോത്സവം എന്നും വിളിക്കുന്നു.

ധൂലിവന്ദന്‍

ഇതിനു മറാത്തിയില്‍ ധുല്‍‌വാദ് എന്ന് പേര്. ഫാല്‍ഗുനത്തിലെ പൌര്‍ണ്ണമി കഴിഞ്ഞ് പിറ്റേന്നാണ് ധൂലിവന്ദനം. ഹോളികാ ദഹനത്തിന്‍റെ ചാരം അന്ന് ആരാധിക്കുന്നു. ത്രേതായുഗത്തില്‍ മഹാവിഷ്ണുവാണ് ധൂലിവന്ദനം ആദ്യം നടത്തിയത് എന്നാണ് വിശ്വാസം. വിഷ്ണുവിന്‍റെ അവതാരത്തിനു മുമ്പാണ് ഇത് നടന്നത്. കൃഷ്ണാവതാരത്തില്‍ അദ്ദേഹം നടത്തിയ രാസക്രീഡ രംഗപഞ്ചമിയായി കരുതുന്നു.

രംഗപഞ്ചമി

പഞ്ചമി നാളിലാണ് രംഗപഞ്ചമി ആഘോഷം. ഗുലാല്‍ എന്നറിയപ്പെടുന്ന ചുവന്ന, വാസനയുള്ള പൊടി കലക്കി മറ്റുള്ളവരിലേക്ക് പീച്ചി രസിക്കുകയാണ് അന്ന് ചെയ്യുന്നത്.

വെബ്ദുനിയ വായിക്കുക