ഫെംഗ്ഷൂയി ജാലക രഹസ്യങ്ങള്‍

WD
പ്രകൃതിയുമായി സമ്പൂര്‍ണമായി യോജിച്ചുള്ള ജീവിതമാണ് പരമ്പതാഗത ചൈനീസ് ശാസ്ത്രമായ ഫെംഗ്ഷൂയി അനുശാസിക്കുന്നത്. ഫെംഗ്ഷൂയി മനുഷ്യരും പ്രകൃതിയുമായുള്ള ബന്ധം ശരിയായ ദിശയില്‍ എത്തിച്ച് ജീവിതത്തില്‍ മാനസികവും ശാരീരികവുമായ ഉല്ലാസം പകരുന്നു.

ആരോഗ്യകരമായ “ചി” ഊര്‍ജ്ജത്തിന്‍റെ ഒഴുക്കിന് തടസ്സമില്ലാതെ വേണം ആവാസസ്ഥാനങ്ങള്‍ ഒരുക്കേണ്ടതെന്ന് ഫെംഗ്ഷൂയി വിദഗ്ധര്‍ പറയുന്നു. വീടുകളെ സംബന്ധിച്ചിടത്തോളം കര്‍ട്ടനുകളും ജനാലകളും ഇത്തരത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. കര്‍ട്ടന്‍റെ തുണി, നിറം, ജനാലയുടെ ക്രമീകരണം തുടങ്ങിയവയെല്ലാം “ചി” ഊര്‍ജ്ജത്തിന്‍റെ ഒഴുക്കിനെ സ്വാധീനിക്കുന്നു.

ജനാലകള്‍ പകല്‍ സമയം തുറന്നിടുന്നതും കര്‍ട്ടനുകള്‍ ഒതുക്കിയിടുന്നതും “ചി” ഊര്‍ജ്ജത്തെ സ്വാഗതം ചെയ്യും. എന്നാല്‍, രാത്രികാലങ്ങളില്‍ ജനാലകള്‍ തുറന്നിടുന്നത് ദൌര്‍ഭാഗ്യത്തിനു കാരണമാവുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

പുറത്തേക്ക് തുറക്കുന്ന ജനാലകള്‍ ഉത്തമമാണ്. അഷ്ടകോണ ജനാലകളും ആര്‍ച്ചുകളുള്ള ജനാലകളും ഫെംഗ്ഷൂയിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ജനാലകളും കര്‍ട്ടനുകളും വൃത്തിയുള്ളതായിരുന്നാല്‍ “ചി”യെ ആകര്‍ഷിക്കാന്‍ കഴിയും.

വാതിലുകളും ജനാലകളും മറഞ്ഞ് നില്‍ക്കത്തക്കവണ്ണം വേണം കര്‍ട്ടനുകള്‍ രൂ‍പകല്‍പ്പന ചെയ്യേണ്ടത്. ഞൊറികളും തൊങ്ങലുകളും ഉള്‍പ്പെടുത്തി ധാരാളമായി തുണി ഉപയോഗിച്ച് വേണം കര്‍ട്ടന്‍ നിര്‍മ്മിക്കേണ്ടത്.

കര്‍ട്ടനുകള്‍ സീസണ്‍ അനുസരിച്ച് മാറുകയും ചെയ്യാം. തണുപ്പുകാലത്ത് കട്ടിയുള്ളവ, വേനല്‍ക്കാലത്ത് കട്ടി കുറഞ്ഞവ അങ്ങനെ കര്‍ട്ടനുകളെ തരം തിരിക്കാം. കിടപ്പ് മുറിയുടെ കര്‍ട്ടന് ഇളം പിങ്ക് നിറമാണ് നല്ലത്, ഇളം പച്ചയും യോജിക്കും. സ്വീകരണ മുറിക്ക് പച്ച നിറമുള്ള കര്‍ട്ടന്‍ നല്ലതാണ്. അടുക്കളയ്ക്ക് മഞ്ഞയോ ഓറഞ്ചോ നിറത്തിലുള്ള കര്‍ട്ടനുകളാണ് ഉത്തമം. പൂജാമുറിക്ക് ആത്മീയതയോട് അടുത്ത് നില്‍ക്കുന്ന ഇളം പര്‍പ്പിള്‍ നിറം നല്‍കാം.

വെബ്ദുനിയ വായിക്കുക