കല്യാണ പട്ടണിഞ്ഞ് എത്തുന്ന നവോഢയുടെ നാണത്തിന് ആഭരണത്തിളക്കം നല്‍കുന്നത് പത്തരമാറ്റ് സൌന്ദര്യമാണ്. ആശിച്ചെടുത്ത ആഭരണങ്ങള്‍ എന്നും കല്യാണ ദിവത്തെ പോലെ തന്നെ തിളക്കമാര്‍ന്നതാവണം എന്നാഗ്രഹിക്കാത്ത സ്ത്രീകളുണ്ടാവില്ല.
ആഭരണങ്ങള്‍ തിളക്കത്തോടെ പുതുമ മാറാതെ സൂക്ഷിക്കാന്‍ വഴികളുണ്ട്. ആഭരണം വൃത്തിയായി സൂക്ഷിക്കാനുള്ള ആവേശത്തില്‍ അമര്‍ത്തി ബ്രഷ് ചെയ്യുന്നത് ഗുണത്തെക്കാളേറെ ദോഷമാണ്. ഇത് സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ പാട് വീഴ്ത്തും. രത്നാഭരണമായാലും അമര്‍ത്തി ബ്രഷ് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം, രത്നം ഉറപ്പിച്ചിരിക്കുന്നതും സ്വര്‍ണത്തിലോ വെള്ളിയിലോ ആയിരിക്കുമല്ലോ?
ആഭരണങ്ങള്‍ സ്വയം വൃത്തിയാക്കുന്നതിനൊപ്പം വര്‍ഷത്തില്‍ ഒരിക്കലെങ്കിലും ആഭരണശാലകളില്‍ നല്കി വൃത്തിയാക്കുകയും വേണം. രത്നാഭരണങ്ങള്‍ സ്വയം ജൂവലറി ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കേണ്ട. കഴുകിയ ശേഷം മൃദുവായ തുണി കൊണ്ട് തുടച്ചാല്‍ മതിയാവും. ആഭരണങ്ങള്‍ അതാതിന്റെ പെട്ടികളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്. സൌന്ദര്യ വര്‍ദ്ധക സാധനങ്ങള്‍, പെര്‍ഫ്യൂം എന്നിവ ആഭരണങ്ങളില്‍ കറയുണ്ടാക്കുമെന്ന് അറിയുക. അതിനാല്‍ ആഭരണങ്ങള്‍ ഇവയുടെ അടുത്ത് സൂക്ഷിക്കരുത്.
IFM
ആഭരണം സ്വയം വൃത്തിയാക്കാം
പോറലുകള്‍ ഉണ്ടാക്കാത്ത ഒരു ക്ലീനറാണ് ആദ്യം വേണ്ടത്. ഇത് ആഭരണ ശാലകളില്‍ നിന്ന് ലഭിക്കും. ക്ലീനറില്‍ ആഭരണം മുക്കി വയ്ക്കുക. പിന്നീട്, ഇളം ചൂടുവെള്ളത്തില്‍ കഴുകുക. തുടയ്ക്കാന്‍ വൃത്തിയുള്ള മാര്‍ദ്ദവമുള്ള തുണിയാണ് ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ സ്വര്‍ണം, പ്ലാറ്റിനം ആഭരണങ്ങള്‍ക്കും കല്ല് പതിപ്പിച്ച ആഭരണങ്ങള്‍ക്കും തിളക്കം പകരാനാവും.
വെള്ളി ആഭരണങ്ങളുടെ നിറം മിക്കവര്‍ക്കും ഒരു തലവേദനയായിരിക്കും. സ്ഥിരമായി ഉപയോഗിക്കുന്ന വെള്ലി ആഭരണങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെടാം. തിളക്കം വീണ്ടെടുക്കാനായി വെള്ളി ആഭരണത്തില്‍ ക്ലീനര്‍ തേയ്ക്കുക. മാര്‍ദ്ദവമുള്ള ഒരു തുണി ഉപയോഗിച്ച് തിളക്കം ലഭിക്കുന്നത് വരെ പോളിഷ് ചെയ്യാം.
രത്നാഭരണങ്ങള്‍ വൃത്തിയാക്കാനായി കുറച്ച് ഡിറ്റര്‍ജന്റ് വെള്ളത്തില്‍ കലര്‍ത്തുക. ഇതില്‍ ആഭരണം മുക്കി വയ്ക്കുക. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മിശ്രിതത്തില്‍ വച്ചു തന്നെ ബ്രഷ് ചെയ്യുക. നന്നായി കഴുകിയ ശേഷം മൃദുവായ തുണി ഉപയോഗിച്ച് തുടയ്ക്കാം. മുത്ത് പതിപ്പിച്ച ആഭരണങ്ങള്‍ സ്വന്തമായി വൃത്തിയാക്കുമ്പോള്‍ ക്ലീനറുകള്‍ ഉപയോഗിക്കരുത്. നനഞ്ഞ തുണി കൊണ്ട് തുടച്ചാല്‍ മതിയാവും.