ഗോപാലകൃഷ്ണന്‍ ഏറെ മുന്നില്‍; ചിഹ്നം അറിയാതെ എല്‍ഡിഎഫ്
ചൊവ്വ, 25 മാര്‍ച്ച് 2014 (15:01 IST)
PRO
PRO
കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ മുന്നണി സ്ഥാനാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ. ബി. ഗോപാലകൃഷ്ണന്‍ പ്രചരണരംഗത്ത് ഏറെ മുന്നിലെത്തി. കൊടുങ്ങല്ലൂര്‍ - കൈപ്പമംഗലം മേഖലയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം തന്റെ സാന്നിദ്ധ്യമറിയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ജനമനസ്സുകളെ കീഴടക്കിക്കഴിഞ്ഞു. ഇതുവരെയും ചിഹ്നം ഏതെന്നറിയാതെയും പെരിഞ്ഞനം കൊലയെത്തുടര്‍ന്നുണ്ടായ ജനരോഷത്തെ നേരിടാനാകാതേയും എല്‍ഡിഎഫ് സ്വതന്ത്രനും കൂട്ടരും മന്ദഗതിയിലാണ് പ്രചരണം.
യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകട്ടെ കൊടുങ്ങല്ലൂര്‍ മേഖലയില്‍ ക്ലച്ചു പിടിച്ചുവരുന്നതേയുള്ളു. കോട്ടപ്പുറം ചന്തയിലെത്തിയ ഗോപാലകൃഷ്ണനെ തൊഴിലാളികളും വ്യാപാരികളും ഹാര്‍ദ്ദവമായി വരവേറ്റു. ടികെഎസ് പുരം, കീഴത്തളി, ചേരമാന്‍ പള്ളിജംഗ്ഷന്‍, ചാപ്പാറ, നാരായണ മംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തുകയുണ്ടായി. ചേരമാന്‍ ജുമാമസ്ജിദില്‍ മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും കവലകള്‍ കേന്ദ്രീകരിച്ച് സ്ഥാനാര്‍ത്ഥിയുടെ പര്യടനം മുന്നേറുമ്പോള്‍ ആവേശഭരിതരായ പ്രവര്‍ത്തകര്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചും പോസ്റ്ററുകള്‍ പതിച്ചുമെല്ലാം പ്രചരണരംഗത്ത് സജീവമാണ്.
ജില്ലാ വൈസ് പ്രസിഡണ്ട് എ. ആര്‍. ശ്രീകുമാര്‍, ജില്ലാകമ്മിറ്റിയംഗം കെ. പി. ഉണ്ണികൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ടുമാരായ പോണത്ത് ബാബു, ടി. ബി. സജീവന്‍, മണ്ഡലം നേതാക്കളായ കെ. ആര്‍. വിദ്യാസാഗര്‍, പി. ജി. വിശ്വനാഥന്‍, ഇറ്റിത്തറ സന്തോഷ്, കെ. എ. സുനില്‍കുമാര്‍, ഷിജു വാഴപ്പുള്ളി എന്നിവരും അഡ്വ. ബി.ഗോപാലകൃഷ്ണനോടൊപ്പം പ്രചരണ രംഗത്ത് സജീവമാണ്.