കെജ്‌രിവാളിന്റെ സമരം: കേന്ദ്രത്തിനും ഡല്‍ഹി സര്‍ക്കാരിനുമെതിരേ കോടതി നോട്ടീസ്

വെള്ളി, 24 ജനുവരി 2014 (20:26 IST)
PTI
രാജ്യതലസ്ഥാനം സ്തംഭിപ്പിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഘവും നടത്തിയ 33 മണിക്കൂര്‍ ധര്‍ണയ്‌ക്കെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികള്‍ സുപ്രീം കോടതി ഫയലില്‍ സ്വീകരിച്ചു. ഹര്‍ജിയില്‍ കേന്ദ്ര- ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ആറാഴ്ചയ്ക്കകം സര്‍ക്കാരുകള്‍ വിശദീകരണം അറിയിക്കണം.

നിരോധനാഞ്ജ ലംഘിച്ച് കെജ്‌രിവാളും മന്ത്രിസഭാംഗങ്ങളും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരും നടത്തിയ ധര്‍ണ ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയാണെന്ന് ചുണ്ടിക്കാട്ടി സുപ്രീംകോടതിയിലെ രണ്ട് അഭിഭാഷകരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യത്തെ സമരം ബാധിച്ചുവെന്നും മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ധര്‍ണയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. വനിതാ അധ്യാപകര്‍ നല്‍കിയ രണ്ട് പരാതികളില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. കെജ്‌രിവാളിനെ കാണുന്നതിന് എത്തിയ തങ്ങളെ തടഞ്ഞുവെന്നും അവഹേളിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് അധ്യാപികമാര്‍ പരാതി നല്‍കിയത്.

സമരം നടക്കുന്നതിനിടെയാണ് മറ്റു രണ്ടു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ ഇവയിലൊന്നും കെജ്‌രിവാളിന്റെ പേര് നേരിട്ട് സൂചിപ്പിച്ചിട്ടില്ല. പരാതിയില്‍ പേര് സൂചിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക