ആ പെട്ടി തുറക്കുമ്പോൾ അവർ ഞെട്ടണം!

വ്യാഴം, 27 ഒക്‌ടോബര്‍ 2016 (14:43 IST)
അന്ധകാരത്തില്‍ നിന്നും വെളിച്ചെത്തിലേക്ക്, തിന്മയെ മറികടന്ന് നന്മയിലേക്ക്. മനുഷ്യ ഹൃദയങ്ങളില്‍ സ്ഥിതിചെയ്യുന്ന ആസുര ഭാവത്തെ - തിന്മയെ - നിഗ്രഹിക്കുക എന്നതാണ് ദീപാവലി നല്‍കുന്ന സന്ദേശം. ആഘോഷങ്ങളുടെ നിറപ്പകിട്ടാർന്ന ഉത്സവം അതാണ് ദീപാവലി. മരണത്തിന് മേല്‍ ഇഛാശക്തി നേടുന്ന വിജയത്തിന്‍റെ ദിനമായാണ് ഈ ദിനം ആഘോഷിക്കുന്നത്. ചില 0പ്രദേശങ്ങളില്‍ ദീപാവലി ദിനം യമധര്‍മനുള്ള അനുഷ്ഠാനങ്ങളെങ്കില്‍ ഉത്തരേന്ത്യന്‍ വ്യാപാരികള്‍ക്ക് ഇത് സാമ്പത്തിക വര്‍ഷാരംഭമാണ്. 
 
വ്യാപാരികളെ സംബന്ധിച്ചിടത്തോളം ദീപാവലി ധനത്തിന്‍റെ ഉത്സവമാണ്. ധനപൂജ അനുഷ്ഠിക്കേണ്ട ദിനം. വ്യാപാരികള്‍ക്ക് കടബാധ്യതയുള്ളവര്‍ അതു കൊടുത്തു തീര്‍ക്കുന്നത് അന്നാണ്; വ്യാപരികളും കടം വീട്ടുന്ന ദിവസവും ദീപാവലിയാണ്. ഉത്തരേന്ത്യയില്‍ ദീപാവലി ആഘോഷം അഞ്ച് നാളുകള്‍ നീളുന്നുവെങ്കില്‍ ദക്ഷിണേന്ത്യയില്‍ ദീപാവലി ആഘോഷം പ്രധാനമായും ഒരു ദിവസം മാത്രമേയുള്ളൂ. ദീപങ്ങളുടെ ഉത്സവമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യകഥകളാണ്.
 
ദീപാവലി മുതൽ ആഘോഷങ്ങളുടെ ഘോഷയാത്രയാണ്. ക്രിസ്തുമസ്, പുതുവർഷം അങ്ങനെ നീളുന്നു. ഓരോ ആഘോഷങ്ങളും ഓർമ മാത്രമായി മാറാതെ നെഞ്ചോട് ചേർത്തുവെക്കുന്നതിൽ സമ്മാനങ്ങൾക്ക് വലിയൊരു പങ്കാണുള്ളത്. കഴിഞ്ഞുപോയ ദിനങ്ങളെ ഓർത്ത് സന്തോഷിക്കണമെങ്കിൽ അത് സപെഷ്യലായിരിക്കണം. ഓരോ ആഘോഷങ്ങളും സ്പെഷ്യലാക്കണോ? എങ്കിൽ സമ്മാനങ്ങൾ കൈമാറൂ...
 
ഇഷ്ടം ഉള്ളവരോട് നമ്മുടെ സ്നേഹം അറിയിക്കാനും ഓര്‍മ്മപ്പെടുത്താനുമുള്ള മാര്‍ഗങ്ങളില്‍ ഒന്നാണ് സമ്മാനങ്ങൾ നൽകുന്നത്. ഒപ്പം ബന്ധങ്ങളിലെ അടുപ്പം അറിഞ്ഞ് വേണം സമ്മാനം നൽകാൻ. വിലകൂടിയ് സാധനങ്ങൾ തന്നെ നൽകണമെന്നില്ല. അവരുടെ ചെറിയ ചെറിയ ഇഷ്ടങ്ങൾ ഓർത്തുവെച്ച്, അവർ ഒ‌രിക്കലും പ്രതീക്ഷിക്കാത്ത സാധനങ്ങൾ നൽകുക. വിലയിലും കൂടുതല്‍ ആ സമ്മാനത്തെ മൂല്യവത്താക്കുന്നത് അവരുടെ ആഗ്രഹങ്ങള്‍ അറിയാനുള്ള നിങ്ങളുടെ പരിശ്രമമായിരിക്കും.
 
ദീപാവലി ദിവസം ചിലപ്പോൾ നമ്മളിൽ നിന്നും സമ്മാനം ലഭിക്കും എന്ന് ഉറച്ച് വിശ്വസിക്കുന്നവരുണ്ടാകും. അവരെ ഒരുകാരണവശാലും ഒഴുവാക്കരുത്. ചിലപ്പോൾ സമ്മാനങ്ങൾ നൽകേണ്ടതായിട്ട് ഒരുപാട് പേരുണ്ടാകും, അപ്പോൾ വിഷമിക്കാതെ, അവരുടെ ഇഷ്ടങ്ങൾ എന്തായിരിന്നു എന്ന് ആലോചിച്ച് അവർക്ക് സമ്മാനിക്കുക. അതെത്ര വിലകുറഞ്ഞതാണെങ്കിലും അവർ സ്വീകരിച്ചിരിക്കും. 
 
എല്ലാവർക്കും ഇഷ്ടപ്പെടുന്ന കുറച്ച് ഗിഫ്റ്റ് ഐറ്റംസ് ഉണ്ട്. അലങ്കാര വസ്തുക്കൾ, സിൽവർ ഗിഫ്റ്റ്, ഗിഫ്റ്റ് കാർഡ് തുടങ്ങിയവ. ഇതെല്ലാം ദീപാവലി ദിവസം സമ്മാനിക്കാൻ പറ്റുന്നതാണ്. നമുക്കിഷ്ടപ്പെട്ടവരുടെ ഇഷ്ടങ്ങൾ തിരിച്ചറിഞ്ഞ് വേണം ഓരോ സമ്മാനങ്ങളും നൽകാൻ. ഗിഫ്റ്റ് ബോക്സ് പൊട്ടിക്കുമ്പോൾ അവർ ഞെട്ടണം, ആശ്ചര്യപ്പെടണം, സന്തോഷിക്കണം, ഇതെല്ലാം കാണുമ്പോൾ സമ്മാനം നൽകുന്ന നമ്മുടെ മനസ്സും നിറയും.

വെബ്ദുനിയ വായിക്കുക