എന്താണ് ഈ 'കുതിരക്കച്ചവടം'? അതിന് കുതിരയുമായി എന്തെങ്കിലും ബന്ധമുണ്ടോ?

ബുധന്‍, 16 മെയ് 2018 (21:58 IST)
കര്‍ണാടകരാഷ്ട്രീയം തിളച്ചുമറിയുമ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയോഗിക്കപ്പെടുന്ന പേരാണ് കുതിരക്കച്ചവടം. ബി ജെ പി കുതിരക്കച്ചവടം നടത്തുകയാണെന്നാണ് കോണ്‍‌ഗ്രസും ജെ ഡി എസും ആരോപിക്കുന്നത്. ബി ജെ പിയുടെ വലയില്‍ കുടുങ്ങാതെ എം എല്‍ എമാരുമായി റിസോര്‍ട്ടുകളില്‍ നിന്ന് റിസോര്‍ട്ടുകളിലേക്ക് പരക്കം പായുകയാണ് കോണ്‍ഗ്രസും ജെ ഡി എസും.
 
എന്താണ് ഈ കുതിരക്കച്ചവടം എന്ന പ്രയോഗത്തിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം? അതിന് കുതിരയുമായി എന്തെങ്കിലും ബന്ധമുണ്ടോ? അതോ വോട്ട് കച്ചവടത്തെയും എം എല്‍ എമാരെ വിലയ്ക്കുവാങ്ങുന്നതിനെയുമൊക്കെ കുതിരക്കച്ചവടമെന്ന് പേരിട്ട് പാവം കുതിരകളെ വെറുതെ അധിക്ഷേപിക്കുകയാണോ?
 
എന്നാല്‍ അങ്ങനെയല്ല കാര്യം, ഇതിന് കുതിരയുമായി ബന്ധമുണ്ട്. കുതിരക്കച്ചവടത്തിലാണ് ഏറ്റവും വലിയ കള്ളക്കളികള്‍ നടക്കുന്നതെന്നാണ് പണ്ടുമുതലേയുള്ള വിശ്വാസം. കുതിരയെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഇടപാടുകളില്‍ വഞ്ചനയും ചതിയും കള്ളത്തരവും കൂടുമത്രേ.
 
അതിന് കാരണമുണ്ട്. വില്‍ക്കാന്‍ നിര്‍ത്തിയിരിക്കുന്ന കുതിരയുടെ ദോഷങ്ങളോ ഗുണങ്ങളോ ഒന്നും ഒറ്റനോട്ടത്തിലോ പത്തുനോട്ടത്തിലോ മനസിലാവുകയില്ലത്രേ. എന്തെങ്കിലും രോഗമുള്ള കുതിരയാണോ എന്ന് മനസിലാകില്ല, മുന്‍‌കോപിയും ഭ്രാന്തുകയറിയവനുമായ കുതിരയാണോ എന്ന് മനസിലാകില്ല, ഒറ്റനോട്ടത്തില്‍ പ്രായം പോലും മനസിലാവില്ലത്രേ.
 
ഇങ്ങനെയൊക്കെയാവുമ്പോള്‍ കച്ചവടത്തില്‍ കള്ളം പ്രയോഗിക്കാന്‍ എളുപ്പമല്ലേ. വില്‍പ്പനക്കാരന്‍ തന്‍റെ കുതിരയുടെ ഗുണഗണങ്ങള്‍ വാഴ്ത്തിപ്പാടുമ്പോള്‍ ദോഷങ്ങളെക്കുറിച്ച് വാങ്ങുന്നവന്‍ അറിയുകയേയില്ല. അതുകൊണ്ടുതന്നെ വിശ്വാസ്യത ഏറ്റവും കുറഞ്ഞ ഇടപാടായി കുതിരക്കച്ചവടത്തെ വിലയിരുത്തിപ്പോരുന്നു. കുതിരക്കച്ചവടക്കാര്‍ അധാര്‍മ്മിക കച്ചവടം നടത്തുന്നവരെന്ന് അറിയപ്പെടുകയും ചെയ്തു.
 
കള്ളത്തരം മുന്നില്‍ നില്‍ക്കുന്ന ഇടപാടുകളെയും പ്രവര്‍ത്തികളെയും വിശേഷിപ്പിക്കാന്‍ ‘കുതിരക്കച്ചവട’ത്തേക്കാള്‍ നല്ല വാക്ക് മറ്റൊന്നുണ്ടാകില്ല എന്ന് ഇപ്പോള്‍ മനസിലായിക്കാണുമല്ലോ. വോട്ടുകച്ചവടത്തിനും എം എല്‍ എമാരെയും എം പിമാരെയുമെല്ലാം ചാക്കിട്ടുപിടിക്കുന്നതിനുമൊക്കെ ഈ പ്രയോഗമല്ലാതെ മറ്റെന്താണ് ചേരുക!

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍