അണ്ണാഡിഎംകെ ഒന്നിക്കുന്നു? ഒപിഎസിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് പളനിസാമി?!

തിങ്കള്‍, 24 ഏപ്രില്‍ 2017 (15:26 IST)
തമിഴ് രാഷ്ട്രീയത്തിൽ ട്വിസ്റ്റോട് ട്വിസ്റ്റ്. ജയലളിതയുടെ മരണശേഷം പിളര്‍ന്ന അണ്ണാഡിഎംകെ ഒന്നിക്കാനുള്ള സാധ്യതകൾ കൂടുതലാകുന്നു. മുഖ്യമന്ത്രിയായി പളനിസാമി തുടരുകയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഒ പനീര്‍ശെല്‍വവും എന്നതാണ് നിലവിലെ ഫോര്‍മുല. ഇതും മറ്റ് കാര്യങ്ങളും ഇരുവിഭാഗവും അംഗീകരിച്ചാല്‍ അണ്ണാഡിഎംകെ ഒന്നിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
 
അണ്ണാഡിഎംകെ ലയന സാധ്യതകളില്‍ പനീര്‍ശെല്‍വം മുന്നോട്ട് വെച്ച ഏറ്റവും പ്രധാനമായ കാര്യം ശശികലയേയും കുടുംബത്തേയും പുറത്താക്കണമെന്നതാണ്. ഇത് മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും കൂട്ടരും അംഗീകരിക്കുകയും പാര്‍ട്ടിയില്‍ നിന്ന് മന്നാര്‍ഗുഡി മാഫിയയെ പുറത്താക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതോടൊപ്പം, ഇതിന് ഔദ്യോഗികമായ ഉറപ്പ് കിട്ടണമെന്ന ആവശ്യവും പളനിസാമി പക്ഷം അംഗീകരിച്ചിട്ടുണ്ട്.
 
 
തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമം നടത്തിയതിന് ടിടിവി ദിനകരനെ അറസ്റ്റ് ചെയ്തതോടെയാണ് തമിഴ് രാഷ്ട്രീയത്തിൽ അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ടിടിവി ദിനകരന്‍ ഡല്‍ഹിയിലെത്തി. അണ്ണാഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനവും ചിന്നമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഔദ്യോഗികമായി തന്നെ തെറിക്കുമെന്ന് ഉറപ്പായതോടെയാണ് ദിനകരന്‍ ചെന്നൈ വിട്ടത്. 
 
ഡല്‍ഹി പൊലീസ് ബുധനാഴ്ച രാത്രിയില്‍ നോട്ടീസ് നല്‍കുകയും ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ദിനകരന്‍ എന്‍ആര്‍ഐ ആണെന്നും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നും കാണിച്ചാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇടനിലക്കാരനായ സുകാശ് ചന്ദ്രശേഖറെ ഒന്നര കോടിരൂപയുമായി പിടികൂടിയതോടെയാണ് ദിനകരന്റെ പങ്ക് പുറത്തുവന്നത്. 

വെബ്ദുനിയ വായിക്കുക