മോദി - അമിത് ഷാ ടീമിന്‍റെ കൃത്യമായ പ്ലാനിങ്; ‘ഓപ്പറേഷന്‍ കശ്‌മീര്’ വന്‍ വിജയം, രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ സസ്പെന്‍സ് ത്രില്ലര്‍ !

ജോണ്‍ കെ ഏലിയാസ്

തിങ്കള്‍, 5 ഓഗസ്റ്റ് 2019 (15:10 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഒരു വലിയ മിഷന്‍റെ പിന്നാലെയായിരുന്നു ഇക്കഴിഞ്ഞ ദിവസങ്ങളില്‍. വര്‍ഷങ്ങളായി അവര്‍ മനസില്‍ കൊണ്ടുനടന്ന ആശയം കൃത്യതയോടെ നടപ്പാക്കുന്നതിന്‍റെ ആസൂത്രണമാണ് നടന്നത്. കശ്മീരിനെ കേന്ദ്രമാക്കി എന്തോ വലിയ സംഭവം നടക്കാന്‍ പോകുന്നു എന്ന സസ്പെന്‍സും അതുസംബന്ധിച്ച അഭ്യൂഹങ്ങളും രാജ്യത്തെ അക്ഷരാര്‍ത്ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി.
 
കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാവകുപ്പുകള്‍ റദ്ദാക്കുന്ന നടപടികള്‍ക്ക് മോദിയും അമിത് ഷായും ദിവസങ്ങള്‍ക്ക് മുമ്പേ ഒരുങ്ങി. ഇരുവരുടെയും കൂടിയാലോചനകളില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ സാന്നിധ്യവുമുണ്ടായിരുന്നു. രാജ്യത്തിനുള്ളിലും രാജ്യാന്തരതലത്തിലും വലിയ പൊട്ടിത്തെറികള്‍ ഉണ്ടാക്കിയേക്കാവുന്ന ഒരു ‘ടാസ്‌ക്’ ഭംഗിയായി പൂര്‍ത്തിയാക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചു.
 
മുന്നൊരുക്കങ്ങളുടെ ആദ്യ അലയൊലി വ്യക്തമായി ആളുകള്‍ക്ക് മനസിലായിത്തുടങ്ങിയത് അമര്‍നാഥ് തീര്‍ത്ഥാടകരുടെ യാത്ര റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കപ്പെട്ടതോടെയാണ്. അപ്പോഴേക്കും കശ്മീരിലേക്ക് കൂടുതല്‍ സൈനികരെയും വിന്യസിച്ചുകഴിഞ്ഞിരുന്നു. അസാധാരണമായ എന്തോ ഒരു കാര്യം കശ്മീരുമായി ബന്ധപ്പെട്ട് നടക്കാന്‍ പോകുന്നു എന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാജ്യമെങ്ങും ജാഗ്രതയിലായി.
 
എന്നാല്‍ നടപടികളുടെ അനുരണനങ്ങള്‍ മോദിയും അമിത് ഷായും അജിത് ഡോവലും അപ്പപ്പോള്‍ അറിയുന്നുണ്ടായിരുന്നു. എല്ലാ നീക്കങ്ങളും രഹസ്യാത്മകത കാത്തുസൂക്ഷിച്ചായതിനാല്‍ കൃത്യമായ ഒരു നിഗമനത്തിലെത്താല്‍ പ്രതിപക്ഷത്തിനുപോലും കഴിഞ്ഞില്ല.
 
കശ്മീരിലെ വിവിധ നേതാക്കള്‍ അവര്‍ പോലും അറിയാതെ വീട്ടുതടങ്കലിലായി. അതിന്‍റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അമിത് ഷായും ഡോവലും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആഭ്യന്തര സെക്രട്ടറിയും ഐ ബി, റോ മേധാവിമാരും പല തവണ കൂടിക്കാഴ്ചകളില്‍ പങ്കെടുത്തു. ഒപ്പം നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തതോടെ അഭ്യൂഹവും ആശങ്കയും പെരുകി.
 
ഇതിനിടെ കശ്മീരിലെ ടെലഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷനുകള്‍ വിച്ഛേദിക്കപ്പെട്ടു. ഒമര്‍ അബ്ദുള്ളയും മെഹ്‌ബൂബ മുഫ്തിയും അടക്കമുള്ള നേതാക്കള്‍ വീട്ടുതടങ്കലിലായി. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം അന്തിമ വിലയിരുത്തലിനായി തിങ്കളാഴ്ച രാവിലെ നരേന്ദ്രമോദിയുടെ വസതിയില്‍ അടിയന്തര മന്ത്രിസഭായോഗം ചേര്‍ന്നു. ഒടുവില്‍ രാവിലെ പതിനൊന്ന് മണിക്ക് രാജ്യസഭയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ ആ നിര്‍ണായകതീരുമാനം പുറത്തുവിടുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍