ഐഎസ്‌ഐഎസ് കേരളത്തിലും പിടിമുറുക്കുന്നു; രണ്ടുവര്‍ഷത്തിനിടെ മതംമാറിയത് 600 പെണ്‍കുട്ടികള്‍

തിങ്കള്‍, 11 ജൂലൈ 2016 (19:46 IST)
ഐഎസ്‌ഐഎസ് ഇന്ത്യയിലേക്കും എത്തുന്നുവെന്നും ഇന്ത്യയില്‍ താവളമുറപ്പിക്കുന്നുവെന്നുമള്ള വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കേരളത്തിലെ ചെറുപ്പക്കാര്‍ ഐ എസില്‍ ആകൃഷ്ടരായി അപ്രത്യക്ഷരായെന്നുള്ള റിപ്പോര്‍ട്ടുകള്‍. ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേര്‍ ഐ എസില്‍ എത്തിയതായാണ് സംശയിക്കുന്നത്.

കേരളത്തില്‍ നിന്നും തിരോധാനം ചെയ്തവര്‍ ഐഎസില്‍ എത്തിയോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെങ്കിലും ഇന്ത്യയില്‍ ഐഎസ് സാന്നിദ്ധ്യം ഉണ്ടെന്നതിന് ശക്തമായ തെളിവുകള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ഐഎസ് യോഗം ചേര്‍ന്നതായും ഇത് തെക്കേ ഇന്ത്യയില്‍ ഐഎസിന്റെ ആദ്യയോഗമാണെന്നുമാണ് റിപ്പോര്‍ട്ട്. സംഘാടകരില്‍ ഒരു മലയാളിയും ഉണ്ടായിരുന്നുവത്രേ. ഇതില്‍ പങ്കെടുത്ത കര്‍ണാട സ്വദേശിയായ കെമിക്കല്‍ എന്‍ജിനിയര്‍ പിടിയിലായതോടെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

കേരളത്തില്‍ മതം മാറുന്നവരുടെ എണ്ണവും അടുത്തിടെ വര്‍ദ്ധിച്ചിട്ടുണ്ട്. രണ്ടു വര്‍ഷത്തിനിടെ കേരളത്തില്‍ നിന്നും 600 പെണ്‍കുട്ടികള്‍ മതം മാറിയതായാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പറയുന്നത്. കാസര്‍കോടു നിന്നും കാണാതായ 15 പേരില്‍ 12 പേര്‍ ടെഹ്‌റാനില്‍ എത്തിയതായാണ് സൂചന. ഇവരില്‍ 11 പേര്‍ക്കു ഐഎസുമായി ബന്ധമുണ്ടെന്നും സൂചന ലഭിച്ചിട്ടുണ്ട്. കാസര്‍കോടുകാരായ 11 പേര്‍ക്കാണ് ഐഎസ് ബന്ധമുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്.

ബന്ധുക്കള്‍ക്ക് ഇവര്‍ അവസാനമായി അയച്ച മൊബൈല്‍, ഇന്റര്‍നെറ്റ് സന്ദേശങ്ങളിലാണ് ഇതു തെളിയിക്കുന്ന പരാമര്‍ശങ്ങളുള്ളത്. കാണാതായ 17 പേരില്‍ ഏറ്റവും അവസാനമായി ബന്ധുക്കള്‍ക്കു സന്ദേശം അയച്ചതു ഫിറോസ് ഖാന്‍ ആയിരുന്നു. മുംബൈയില്‍ നിന്നും പിടിയിലായ ഫിറോസ് ഖാനെ വിശദമായി ചോദ്യം ചെയ്യുന്നതോടെ ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചേക്കും.

പടന്നയിലെ ഡോക്ടര്‍ ഇജാസിന്റെ കുടുംബവും ഹഫീസുദ്ദീനുമടങ്ങുന്ന സംഘം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്നാണ് ഇവര്‍ ടെഹ്‌റാനിലേക്കുള്ള യാത്രാരേഖകള്‍  ശരിയാക്കിയത്. അപ്രത്യക്ഷരായ മലയാളികളെക്കുറിച്ചു സംസ്ഥാന- കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. 21 പേര്‍ നാടുവിട്ട് ഐഎസില്‍ ചേക്കേറിയതായി ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

കാസര്‍കോട് നിന്ന് ദമ്പതികള്‍ അപ്രത്യക്ഷരായ രണ്ട് കേസും പാലക്കാട് ഇതേ മാതൃകയിലുള്ള മറ്റൊരു കേസും എന്‍ഐഎ അന്വേഷിക്കും. ദമ്പതിമാര്‍ കേരളത്തിലേക്ക് അയച്ച വാട്‌സാപ്പ് സന്ദേശത്തില്‍, ‘തങ്ങള്‍ എത്തേണ്ട ഇടങ്ങളില്‍ എത്തിയെന്നു’ പറയുന്നുണ്ട്. അതിനാല്‍ ഇവര്‍ രാജ്യം വിട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും ഇവര്‍ക്ക് ഐഎസ് ബന്ധം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കരുതുന്നു.

സംസ്ഥാനത്ത് യുവതി-യുവാക്കളില്‍ ഐഎസ് ഇത്രയും സ്വാധീനം ചെലുത്താനുള്ള കാരണം എന്തായിരിക്കുമെന്നാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ അന്വേഷണം. ഐ എസില്‍ ചേര്‍ന്നതിന് പിന്നിലുള്ള ലക്ഷ്യം പണമല്ലെന്ന് അന്വേഷണസംഘത്തിന് ഉറപ്പാണ്. കാരണം, ലക്ഷങ്ങള്‍ ശമ്പളമുള്ള ജോലി ഉപേക്ഷിച്ചാണ് പലരും തീവ്രവാദ പ്രവര്‍ത്തനത്തിനിറങ്ങുന്നത്. പ്രഫഷണലുകളായ യുവതി- യുവാക്കളെയാണ് ഐഎസ് വലയിലാക്കുന്നത്. വിശ്വാസത്തിനുവേണ്ടി എന്തും ഉപേക്ഷിക്കാന്‍ ഇവര്‍ തയ്യാറാകുന്നു.

തിരുവനന്തപുരം സ്വദേശി നിമിഷ മതം മാറിയാണ് ഐഎസില്‍ ചേര്‍ന്നത്. വിശ്വാസങ്ങള്‍ക്ക് വേണ്ടി പഠനം വരെ ഉപേക്ഷിക്കാന്‍ നിമിഷ എന്ന ഫാത്തിമ തയ്യാറായി. അന്യപുരുഷന്മാരെ പരിശോധിക്കേണ്ടി വരും എന്ന കാരണം പറഞ്ഞാണത്രേ നിമിഷ ദന്തല്‍ ഡോക്ടര്‍ പഠനം പാതിവഴിക്ക് ഉപേക്ഷിച്ചത്. കണ്ണൂരില്‍ നിന്നും അപ്രത്യക്ഷരായ കുടുംബത്തിലെ കുടുംബനാഥന്‍ ഇംഗ്ലണ്ടില്‍ നിന്നും എംബിഎ ബിരുദം നേടിയിട്ടുണ്ട്.  റിഫൈല ബിഎഡ് പഠനം ഉപേക്ഷിച്ചതും നിമിഷ നിര്‍ത്തിയ അതേ കാരണം പറഞ്ഞ്.

പണത്തിന് ഒരു പ്രാധാന്യവും നല്‍കാതെയാണ് ഇവരുടെ ജീവിതം. ആര്‍ഭാടങ്ങളെല്ലാം ഉപേക്ഷിച്ച് ജീവിക്കണമെന്നായിരുന്നു ഇവര്‍ പറഞ്ഞിരുന്നതത്രേ.  വസ്ത്രധാരണത്തിലും ജീവിതരീതിയിലും ലാളിത്യം വേണമെന്നാണ് നയം. വീട്ടുകാരെ തീവ്രവിശ്വാസികളാക്കാനും ഐഎസ് വലയിലെത്തിയവര്‍ ശ്രമം നടത്തിയിരുന്നു. അര്‍ദ്ധരാത്രിയില്‍ വരെ ഇവര്‍ പ്രാര്‍ത്ഥന നടത്തിയിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക