നാവും തൊണ്ടയും എന്തിന് ശരീരം വരെ വരണ്ടുപോകുന്ന കഠിനമായ വേനല്‍ച്ചൂടില്‍ ചുട്ടുപൊള്ളിയശേഷം ആശ്വാസമായി മഴയെത്തിയെങ്കിലും കേരളത്തിലും ചെന്നൈയിലും ജനങ്ങള്‍ക്ക് പൂര്‍ണമായും ചൂടുകാലം വിട്ടുപോയിട്ടില്ല. ഈ സമയം, ശരീരത്തിലെ ജലാംശം നഷ്ടപ്പെടാതെ കാക്കുക എന്നത് വലിയ ഉത്തരവാദിത്തമാണ്. ചൂടിനെ പ്രതിരോധിക്കാനായി ഫുള്‍ജാര്‍ സോഡ പോലെയുള്ള പരീക്ഷണങ്ങളല്ല, നല്ല തണുത്ത ശുദ്ധജലമാണ് നമ്മള്‍ സ്വീകരിക്കേണ്ടത്.
ഒരാള്‍ പ്രതിദിനം എത്ര ലിറ്റര്‍ വെള്ളം ഉള്ളിലാക്കണം? ഓരോരുത്തര്‍ക്കും ശരീരഘടനയനുസരിച്ചാണ് വെള്ളം കുടിയുടെ തോതെങ്കിലും 1,500 മുതല്‍ 2,500 മി.ലി. വരെ വെള്ളം വേണം ശരീരത്തിന് ഒരു ദിവസം അതിന്‍റെ പ്രവര്‍ത്തനങ്ങളൊക്കെ സുഗമമായി നടത്താന്‍.
കാലാവസ്ഥ, ചെയ്യുന്ന ജോലിയുടെ പ്രത്യേകത, കഴിക്കുന്ന ഭക്ഷണത്തിന്‍റെ വ്യത്യസ്തത എന്നിവയനുസരിച്ചാണ് ശരീരം ജലത്തിന്‍റെ അളവു നിയന്ത്രിക്കുന്നത്. പൊരിവെയിലില്‍ കഠിനമായി അധ്വാനിക്കുന്ന ശരീരം ഉപയോഗിക്കുന്നത്ര വെള്ളം വേണ്ടിവരില്ല എസി റൂമില്‍ ഓഫീസില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്ക്?
ശരീരത്തിനാവശ്യമായ ജലം ലഭിച്ചില്ലെങ്കിലുണ്ടാകുന്ന പ്രശ്നങ്ങള്‍ അനേകമുണ്ട്. നിര്‍ജലീകരണം, മലബന്ധം, മൂത്രാശയ രോഗങ്ങള്‍ അങ്ങനെ പോകുന്നു നിര. അപ്പോള്‍ പിന്നെ ദിവസവും ഇരുപത്തിയഞ്ചു ഗ്ളാസ് വെള്ളമെങ്കിലും കുടിക്കണം ശരീരമൊന്ന് പരുവപ്പെടുത്തിയെടുക്കാന്‍. വെള്ളം കുറച്ചു കുടിച്ചാല്‍ കുറച്ചു മൂത്രമേ ശരീരം ഉല്പാദിപ്പിക്കുകയുള്ളൂ. മൂത്രച്ചൂട് പോലെയുള്ള അവസ്ഥനളിലേക്ക് കാര്യങ്ങളെത്തും.
1,200 മുതല്‍ 1,500 മി.ലി. വരെ മൂത്രം ഉല്പാദിപ്പിക്കാന്‍ തക്ക ജലം ഒരാള്‍ കുടിക്കേണ്ടതാണ്. മൂത്രത്തിന്‍റെ നിറം നോക്കിയാണ് പലപ്പോഴും ശരീരത്തിന് ആവശ്യം വേണ്ട വെള്ളം കുടിച്ചോ എന്ന് കണക്കാക്കുന്നത്. ആരോഗ്യമുള്ള ശരീരത്തില്‍ ഇളംമഞ്ഞ നിറമുള്ള മൂത്രമായിരിക്കും ഉണ്ടാവുക. കൃത്യമായ അളവില്‍ വെള്ളം കുടിച്ചെങ്കില്‍ മാത്രമേ ഇളം മഞ്ഞനിറമുള്ള മൂത്രം ഉണ്ടാകൂ. മഞ്ഞനിറം കൂടുന്നതിനനുസരിച്ച് ശരീരത്തിന് ജലദൗര്‍ലഭ്യമുണ്ടെന്ന് കണക്കാക്കണം.
ഭക്ഷണത്തോടൊപ്പം ഒരു ഗ്ളാസ് വെള്ളമാണ് കുടിക്കേണ്ടത്. സൂപ്പുകള്‍, പാല്, ടൊമാറ്റോ, വെള്ളരിക്ക, തണ്ണിമത്തന്‍ എന്നിവയില്‍ ജലാംശം കൂടുതലുണ്ട്. വേനല്‍ക്കാലച്ചൂട് തടയാന്‍ ഇവ ശീലമാക്കുക.