മണ്‍‌മറഞ്ഞത് ആദര്‍ശം മുഖമുദ്രയാക്കിയ നേതാവ്

ചൊവ്വ, 3 ജൂണ്‍ 2014 (09:36 IST)
മോഡി മന്ത്രിസഭയ്ക്ക് ഇത് അപ്രതീക്ഷിത ആഘാതമാണ്. മുണ്ടെയെന്ന നേതാവിന്റെ ജനസമ്മിതി മോഡിയെന്ന പ്രധാനമന്ത്രിയുടെ സഭയ്ക്ക് അലങ്കാരമായിരുന്നു. അധ:കൃത സമുദായത്തില്‍‌നിന്നും രാഷ്ട്രത്തിന്റെ ഉന്നത പദവിയിലേക്ക് അദ്ദേഹം ഉയര്‍ന്നത് ആദര്‍ശം മുഖമുദ്രയാക്കിയായിരുന്നു. വിസ്മയാവഹം എന്ന് എതിരാളികളെ പോലും പറയിക്കുന്ന തരത്തിലായിരുന്നു മുണ്ടെയുടെ വളര്‍ച്ച. എപ്പോഴും ഗ്രാമീണരുടെ മനസ് അറിയുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു മുണ്ടെ എന്ന ജനനേതാവ്. 
 
മഹാരാഷ്ട്രയിലെ പറളിയില്‍ 1949 ഡിസംബര്‍ 12ന് ജനനം. ആര്‍എസ്എസ് ശാഖകളില്‍ നിന്ന് തുടങ്ങിയ പ്രവര്‍ത്തനമാണ് മുണ്ടെയെന്ന നേതാവിന് ജനനം നല്‍കിയത്. കോളേജ് വിദ്യാഭ്യാസകാലത്ത് പ്രമോദ് മഹാജനെ കണ്ടുമുട്ടിയത് മുണ്ടെയുടെ ജീവിതത്തില്‍ വഴിത്തിരിവായി. അഖില ഭാരതീയ വിദ്യാര്‍ഥി പരിഷത്തിലൂടെ സജീവ രാഷ്ട്രീയത്തിലേക്കെത്തിയത്. അടിയന്തരാവസ്ഥ കാലത്ത് സമരത്തില്‍ പങ്കെടുത്ത് നാസിക്കിലെ ജയിലില്‍ തടവ് അനുഭവിച്ചു. 
 
യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റായിരുന്നു. അഞ്ചുതവണ മഹാരാഷ്ട്രാ നിയമസഭയില്‍ അംഗമായി. 1992 മുതല്‍ 95 വരെ മഹാരാഷ്ട്രാ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. 95 മുതല്‍ 99 വരെ സംസ്ഥാന ഉപമുഖ്യമന്ത്രിയായും തിളങ്ങി. ബിജെപിയുടെ മുതിര്‍ന്ന നേതാവും പതിനാറാം ലോക്സഭയിലെ ഗ്രാമവികസന വകുപ്പ് മന്ത്രിയെന്ന നില വരെ അദ്ദേഹം എത്തിച്ചേര്‍ന്നത് അപ്രതീക്ഷിതമായിരുന്നില്ല. 
 
കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിയപ്പോള്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് കോണ്‍ഗ്രസ് വിവാദം ഉയര്‍ത്തിയതിന് പിന്നാലെയായിരുന്നു മരണം. മഹാരാഷ്ട സംസ്ഥാനത്ത് മുണ്ടെയെന്ന നേതാവ് ബിജെപിക്ക് നല്‍കിയ മേല്‍‌വിലാസം ചെറുതല്ല. ആദിവാസി സമുദായത്തില്‍ ജനിച്ച് പ്രവര്‍ത്തനങ്ങളിലൂടെ ജനഹൃദയങ്ങളില്‍ ഇടംനേടിയ മുണ്ടെയെന്ന നേതാവ് ഇനി ഓര്‍മ മാത്രം

വെബ്ദുനിയ വായിക്കുക