വൈക്കം സത്യഗ്രഹത്തിന് 84 വയസ്സ്

ചരിത്ര പ്രസിദ്ധമായ വൈക്കം സത്യഗ്രഹത്തിന്‍റെ 84-ാം വാര്‍ഷികദിനമാണ് ചൊവ്വാഴ്ച. വൈക്കത്ത് നടന്ന അയിത്ത ജാതിക്കാരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സത്യഗ്രഹം കേരളത്തിന്‍റെ രാഷ്ട്രീയവും സാമൂഹികവുമായ വളര്‍ച്ചയിലെ നാഴികക്കല്ലാണ്.

ജാതീയ ഭ്രാന്ത് കൊടികുത്തി വാണ ഒരു കാലഘട്ട ത്തിന്‍റെ ഓര്‍മ്മകളിലേക്കാണ് വൈക്കം സത്യഗ്രഹ സംഭവം നമ്മെ നയിക്കുന്നത്. സവര്‍ണനും-അവര്‍ണനും തമ്മിലുള്ള വേര്‍തിരിവുകള്‍ രൂക്ഷമായകാലം. സവര്‍ണ ജാതിക്കാരന്‍ നടക്കുന്ന വഴിയെ നടക്കുന്നതിനോ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതിനോ അവര്‍ണന് കഴിയുമായിരുന്നില്ല.

ജാതീയമായ വേര്‍തിരിവുകളും തൊട്ടുകൂടായ്മയും എല്ലാം കണ്ടിട്ടാണ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയം എന്നു വിളിച്ചത്.

ഈ അയിത്ത ഭ്രാന്ത്രിനുനേരെയുള്ള കടന്നാക്രമണമായിരുന്നു വൈക്കം സത്യഗ്രഹം. 1924 മാര്‍ച്ച് 30ന് ആരംഭിച്ച സത്യഗ്രഹത്തിന് ഗാന്ധിജിയുടെ അനുഗ്രഹാശിസുകള്‍ ഉണ്ടായിരുന്നു. കെ.കേളപ്പന്‍, കെ.പി.കേശവമേനോന്‍, ടി.കെ മാധവന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്, എ.കെ. പിള്ള, മന്നത്ത് പത്മനാഭന്‍, ടി.ആര്‍. കൃഷ്ണസ്വാമി അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സത്യഗ്രഹം ആരംഭിച്ചത്.


വൈക്കം ക്ഷേത്രത്തിന്‍റെ മതില്‍ക്കെട്ടിന് പുറത്തെ പൊതുനിരത്തിലൂടെ സവര്‍ണര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുഹമ്മദീയര്‍ക്കും അനുവദിച്ചിട്ടുള്ള വഴി നടക്കാനുള്ള അവകാശം അയിത്തജാതിക്കാര്‍ക്കും ലഭിക്കുന്നതിനുവേണ്ടിയായിരുന്നു സത്യഗ്രഹം.

സത്യഗ്രഹികള്‍ക്ക് അറസ്റ്റും മര്‍ദ്ദനവും നേരിടേണ്ടി വന്നു. സത്യഗ്രഹം 20 മാസം നീണ്ടുനിന്നു. 1925 ല്‍ മഹാത്മാഗാന്ധി വൈക്കം സന്ദര്‍ശിച്ചു. തിരുവനന്തപുരത്ത് റാണി സേതുപാര്‍വ്വതിഭായിയെ സന്ദര്‍ശിച്ച് ഗാന്ധിജി ചര്‍ച്ച നടത്തി.

ഇതിന്‍റെ ഫലമായി വൈക്കം ക്ഷേത്രത്തിന്‍റെ കിഴക്കേനട ഒഴികെയുള്ള നിരത്തുകള്‍ അവര്‍ണ്ണര്‍ക്കായി തുറന്നു കൊടുത്തു. ഇതിനെ തുടര്‍ന്ന് സത്യഗ്രഹമവസാനിച്ചു.1928 ല്‍ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രനിരത്തുകളും തുറന്നുകൊടുക്കാനും തീരുമാനമുണ്ടായി.

വെബ്ദുനിയ വായിക്കുക