വീണ്ടുമൊരു പേള്‍ ഹാര്‍ബര്‍!

PROPRO
‘സാമ്പത്തിക പേള്‍ ഹാര്‍ബര്‍’ അമേരിക്കന്‍ ബാങ്കിങ്ങ്, നിക്ഷേപ മേഖലകള്‍ നേരിടുന്ന പ്രതിസന്ധിക്ക് പ്രമുഖ സാമ്പത്തിക പ്രസ്ദ്ധീകരണങ്ങള്‍ നല്‍കിയ വിശേഷണമാണിത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തനായ നിക്ഷേപകനായ വാരന്‍ ബഫെറ്റ് സി‌എന്‍ബിസി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അമേരിക്കന്‍ സാമ്പത്തിക പതിസന്ധിയെ സാമ്പത്തിക പേള്‍ ഹാര്‍ബര്‍ എന്ന വിശേഷിപ്പിച്ചതോടെ ഈ പ്രയോഗത്തിന് ആധികാരികത കൈവരികയും ചെയ്തു.

മാനവ ചരിത്രത്തില്‍ തന്നെ പേള്‍ ഹാര്‍ബറിനുള്ള പ്രസക്തി 2001ല്‍ പുറത്തിറങ്ങിയ പേള്‍ ഹാര്‍ബര്‍ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ പുതുതലമുറ കണ്ടറിഞ്ഞതാണ്. ഹവായി ദ്വീപിനോട് ചേര്‍ന്നുള്ള പേള്‍ ഹാര്‍ബര്‍ എന്ന അമേരിക്കന്‍ നാവിക കേന്ദ്രത്തില്‍ 1941 ഡിസംബര്‍ ഏഴിന് ജാപ്പനീസ് നാവിക പടയും വായു സേനയും നടത്തിയ ആക്രമണമായിരുന്നു രണ്ടാം ലോകമഹായുദ്ധത്തിന്‍റെ ഗതി തിരിച്ചു വിട്ടത്. തങ്ങളുടെ പ്രദേശങ്ങളിലേക്കുള്ള ജാപ്പനീസ് കടന്നു കയറ്റം തടയാനായി അമേരിക്ക സ്ഥാപിച്ച് ഈ നാവിക കേന്ദ്രത്തെ ജാപ്പനീസ് സേന അപ്രതീക്ഷിതമായി കടന്നാക്രമിച്ചു. ഇതില്‍ അമേരിക്കന്‍ സേന പാടെ തകര്‍ന്ന് പോകുകയും ചെയ്തു. നാല് അമേരിക്കന്‍ കപ്പലുകളാണ് അന്ന് ജാപ്പനീസ് സൈന്യം തകര്‍ത്തത്.

അതു വരെ ലോകയുദ്ധത്തില്‍ സൈനികമായി സജീവമല്ലാതിരുന്ന അമേരിക്ക പേള്‍ ഹാര്‍ബര്‍ ആക്രമണത്തോടെ ജപ്പാന്‍, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ അച്ചുതണ്ടിന് നേരെ പ്രത്യക്ഷ യുദ്ധത്തിന് ഇറങ്ങുകയും ചെയ്തു. ഇതോടെ തീവ്രതയേറിയ രണ്ടാം ലോകമഹായുദ്ധം ഒടുവില്‍ ജപ്പാനിലെ ഹിരോഷിമയിലും നാഗാസാക്കിയിലും 1945 ഓഗസ്റ്റോടെ അമേരിക്ക നടത്തിയ അണുബോംബ് വര്‍ഷത്തോടെയാണ് അവസാന ഘട്ടത്തിലേക്ക് കടന്നത്. അതേ വര്‍ഷം സെപതംബര്‍ രണ്ട്ന് രണ്ടാം ലോകമഹായുദ്ധം ഔദ്യോഗികമായി അവസാനിക്കുമ്പോള്‍ യുദ്ധത്തിന്‍റെ ഫലമായി അഞ്ച് കോടി സൈനികര്‍ക്കും 12 കോടി സാധാരണ ജനങ്ങള്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് കണക്കുകള്‍.

ഒരു പക്ഷേ ജപ്പാന്‍ പേള്‍ ഹാര്‍ബര്‍ ആക്രമണം നടത്തിയില്ലെങ്കില്‍ അമേരിക്ക ലോകമഹായുദ്ധത്തില്‍ സജീവമായി എത്തുകയില്ലായിരുന്നു എന്നും യുദ്ധം വളരെ നേരത്തേ തന്നെ അവസാനിക്കുമായിരുന്നു എന്നും വിലയിരുത്തപ്പെടുന്നുണ്ട്. പിന്നീട് മാറിയ ലോക സാഹചര്യത്തില്‍ അമേരിക്കയുടെ വിശ്വസ്ത സുഹൃത്തും പങ്കാളിയുമായി ജപ്പാന്‍ മാറിയത് ചരിത്രനീതിയുടെ ഉദാത്ത മാതൃകയായി വരെ വ്യാഖ്യാനിക്കപ്പെടുകയും ചെയ്തു.

PROPRO
അമേരിക്കയെ ഞെട്ടിച്ച് കൊണ്ട് പേള്‍ ഹാര്‍ബറില്‍ 1941 ല്‍ സംഭവിച്ചതിന് സമാനമായ അവസ്ഥയാണ് അമേരിക്കന്‍ ഓഹരി വിപണിയുടെ തലസഥാനമായ വാള്‍സ്ട്രീറ്റില്‍ 2008 ഉണ്ടായിരിക്കുന്നതെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ പറയുന്നത്. ഇതിനെ തുടര്‍ന്ന് തകര്‍ന്നു വീണ അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങളെ ഏറ്റെടുക്കാന്‍ രാജ്യത്തിന് അകത്തും പുറത്തും നിരവധി നിരവധി സ്ഥാപനങ്ങളാണ് മുന്നോട്ട് വരുന്നത്.

ഇക്കൂട്ടത്തില്‍ തിക്കിതിരക്കുന്നവരുടെ കൂട്ടത്തില്‍ ജപ്പാനില്‍ നിന്നുള്ള പ്രമുഖ സാമ്പത്തിക സഥാപനങ്ങളുമുണ്ടെന്നത് ‘സാമ്പത്തിക പേള്‍ ഹാര്‍ബര്‍’ പ്രയോഗത്തിന് പുതിയ മാനങ്ങള്‍ നല്‍കിയിരിക്കുകയാണ്.

അമേരിക്കയക്ക് എതിരെ 1941ല്‍ ചെയ്തതിന് പ്രതിസന്ധി ഘട്ടത്തില്‍ രക്ഷാകരങ്ങള്‍ നീട്ടി പ്രതിവിധി ചെയ്യാനുള്ള ജപ്പാന്‍റെ ശ്രമം, ബോംബുകളില്ലാതെ വീണ്ടും അമേരിക്കയ്ക്ക് നേരെ ജപ്പാന്‍ നടത്തുന്ന കടന്നാക്രമണം തുടങ്ങി ഈ നീക്കങ്ങള്‍ക്ക് പലവിധ നിര്‍വചനങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്.

ഏതായാലും തകര്‍ന്ന അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ സ്വന്തമാക്കാനുള്ള ജാപ്പനീസ് സ്ഥാപനങ്ങളുടെ നീക്കം അനസ്യൂതം തുടരുകയാണ്. അമേരിക്കന്‍ സാമ്പത്തിക ഭീമനായ മോര്‍ഗന്‍ സ്റ്റാന്‍‌ലിയുടെ 20 ശതമാനം ഓഹരികള്‍ ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ മിത്സുബിഷി യു‌എഫ്ജെ ഏറ്റെടുത്ത് കഴിഞ്ഞു.

ജപ്പാനിലെ ഏറ്റവും വലിയ ബ്രോക്കറേജ് സ്ഥാപനമായ നോമുറാ ഹോള്‍ഡിങ്ങ്‌സ് പാപ്പരായ ലേമാന്‍ ബ്രദേഴ്സിന്‍റെ ഏഷ്യ, യൂറോപ്പ്, മദ്ധ്യേഷ്യ എന്നിവിടങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനുള്ള ശ്രമത്തിലാണ്. മറ്റൊരു പ്രമുഖ ജാപ്പനീസ് ബാങ്കായ സുമിറ്റോമൊ മിറ്റ്സുയിയും അമേരിക്കന്‍ സ്ഥാപനങ്ങളുടെ ഏറ്റെടുക്കല്‍ സാധ്യതകള്‍ തേടുന്നുണ്ട്.

PROPRO
ഹിരോഷിമയിലും നാഗാസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണത്തില്‍ രണ്ട് ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടമായപ്പോള്‍ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വാള്‍സ്ട്രീറ്റില്‍ രണ്ട് ലക്ഷം പേര്‍ തൊഴില്‍ നഷ്ടമായി എന്ന രസകരമായ കണക്കും ഇതോടൊപ്പം ചേര്‍ത്തു വായിക്കുന്നവരുമുണ്ട്.

അതേ സമയം അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയെ പേള്‍ ഹാര്‍ബറുമായി താരതമ്യപ്പെടുത്തിയ വാരന്‍ ബഫെറ്റ് ഇത് യഥാര്‍ത്ഥ പേള്‍ ഹാര്‍ബറില്‍ സംഭവിച്ചതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് സാമ്പത്തിക പ്രതിസന്ധി എന്നും ഓര്‍മിപ്പിക്കുന്നും. പേള്‍ ഹാര്‍ബറില്‍ സംഭവിച്ചത് നേരിട്ട് കണ്ട് മനസിലാക്കാന്‍ സാധിക്കുമായിരുന്നു എന്നും എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് അങ്ങനെ മനസിലാക്കാന്‍ കഴിയുന്ന കാര്യങ്ങളല്ല എന്നുമാണ് നിക്ഷേപക മേഖലയില്‍ പലരുടെയും മാതൃകാപുരുഷന്‍ കൂടിയായ ബഫറ്റിന്‍റെ പക്ഷം. പ്രതിസന്ധി നേരിടാന്‍ ഭരണകൂടത്തിന്‍റെ ഇടപെടല്‍ ആവശ്യമാണെന്നും അദ്ദേഹം വാദിക്കുന്നു.

അമേരിക്കന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പേള്‍ ഹാര്‍ബറുമായി താരതമ്യം ചെയ്യപ്പെടുമ്പോള്‍ പുതിയ ജാപ്പനീസ് കടന്നു കയറ്റത്തിന്‍റെ ചരിത്രപരമായ പരിണാമം എന്താകും എന്നറിയാന്‍ ക്ഷമയോടെ കാത്തിരിക്കുക മാത്രമാണ് എല്ലാ കാലത്തെയും പോലെ സാധാരണക്കാര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗം.