മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത്‌ മാങ്ങയാണെന്നു പറഞ്ഞാല്‍ അതല്ലാന്നുപറയാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ? വിനയന്‍ വീണ്ടും!

ബുധന്‍, 24 ഫെബ്രുവരി 2016 (16:00 IST)
ജെ എന്‍ യു വിഷയത്തില്‍ മോഹന്‍ലാലിന്‍റെ ബ്ലോഗിനെതിരെ നിരവധിപേര്‍ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. സാഹിത്യ ലോകത്തും സിനിമാലോകത്തും രാഷ്ട്രീയ - സാംസ്കാരിക ലോകത്തും മോഹന്‍ലാലിന്‍റെ നിലപാടുകള്‍ക്കെതിരെ രൂക്ഷ പ്രതികരണമാണുണ്ടായിരിക്കുന്നത്. സിനിമാലോകത്തുനിന്ന് സംവിധായകന്‍ വിനയന്‍ മോഹന്‍ലാലിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.
 
കടുത്ത മോഹന്‍ലാല്‍ വിരുദ്ധനായതുകൊണ്ടാണ് വിനയന്‍ ഈ രീതിയില്‍ വിമര്‍ശനമുന്നയിച്ചതെന്നാണ് ഇതേപ്പറ്റി ഉയര്‍ന്ന ഒരു വിമര്‍ശനം. എന്നാല്‍ അത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിക്കൊണ്ട് വീണ്ടും വിനയന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടിരിക്കുന്നു.
 
വിനയന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം: 
 
രാജ്യസ്നേഹവും അഭിപ്രായസ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴക്കരുത്‌ എന്ന എന്റെ അഭിപ്രായം കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതിന്റെ പേരില്‍ അനുകൂലമായ കമന്റുകള്‍ക്കൊപ്പം വിമര്‍ശനാത്മകമായ ധാരാളം കമന്റുകള്‍ വരികയുണ്ടായി. മോദി വിരുദ്ധനെന്നും മോഹന്‍ലാല്‍ വിരുദ്ധനെന്നുമൊക്കെ പറയുന്നുണ്ട്‌. എന്റെ മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്നത്‌ യാതൊരു ഭയവുമില്ലാതെ പറയുമെന്നല്ലാതെ ആരോടും ശത്രുതയോടുകൂടി പെരുമാറാറില്ല. മുഖത്തു നോക്കി കാര്യങ്ങള്‍ പറയുന്നവരെ ശത്രുവായി കാണേണ്ടതുമില്ല.

എനിക്കെന്റേതായ രാഷ്ട്രീയമുണ്ട്‌, നിലപാടുകളുണ്ട്‌. എന്തു കഷ്ടനഷ്ടങ്ങളുണ്ടായാലും എനിക്കു ശരിയെന്നു തോന്നുന്ന ആ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യും. പക്ഷേ അതുകൊണ്ടു മാത്രം അന്ധമായിട്ടാരെയെങ്കിലും വിമര്‍ശിക്കുകയോ ആരാധിക്കുകയോ ചെയ്യാറില്ല.
 
പ്രധാനമന്ത്രി നരേന്ദ്രമോദി പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ്‌ ഷെരീഫിനെ വീട്ടില്‍ ചെന്നു സന്ദര്‍ശിച്ചതിനെ ധാരാളം പേര്‍ വിമര്‍ശിച്ചപ്പോള്‍ ഞാന്‍ ആ സന്ദര്‍ശനത്തെ അങ്ങനെ വിമര്‍ശിക്കേണ്ടതില്ലാ എന്നാണ്‌ പറഞ്ഞത്‌. അതെന്റെ നിഷ്പക്ഷമായ അഭിപ്രായമായിരുന്നു. ഡിസംബര്‍ 26ലെ എന്റെ ഫേസ്ബുക്‌ പേജ്‌ നോക്കിയാല്‍ നിങ്ങള്‍ക്ക്‌ ആ പോസ്റ്റ്‌ കാണാം. അഭിനന്ദിക്കേണ്ടതിനെ അഭിനന്ദിക്കുകയും വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകയും ചെയ്യേണ്ടത്‌ ഒരു സാംസ്കാരികപ്രവര്‍ത്തകന്റെ നിഷ്പക്ഷമായ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
 
രാജ്യസ്നേഹവും അഭിപ്രായ സ്വാതന്ത്ര്യവും തമ്മില്‍ കൂട്ടിക്കുഴയ്ക്കരുത്‌ എന്ന് ഇന്നലത്തെ ഹിന്ദു പത്രത്തിന്റെ എഡിറ്റോറിയലില്‍ വായിച്ചപ്പോള്‍ എന്റെ നിലപാടുകളോട്‌ എനിക്ക്‌ ആത്മസംതൃപ്തി തോന്നി. രാജ്യദ്രോഹികള്‍ക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്നവരെ ശിക്ഷിക്കുക തന്നെ വേണം. അതിലാര്‍ക്കാണു സംശയം. പക്ഷേ ജെ എന്‍ യു പോലുള്ള സര്‍വ്വകലാശാലകളില്‍ പ്രതിഷേധമുയര്‍ത്തുന്നവരെല്ലാം രാജ്യവിരുദ്ധരാണ്‌ എന്ന് അടച്ചാക്ഷേപിക്കുന്നത്‌ ശരിയാണോ? ബഹുസ്വരത എന്ന ഭാരതത്തിന്റെ വിശാലകാഴ്ചപ്പാടിനെതിരല്ലേ അത്‌..?
 
ശ്രീ മോഹന്‍ലാല്‍ പറഞ്ഞതില്‍ ചിലതിനോട്‌ മാത്രമാണ്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചത്‌. രാജ്യത്തെ അഴിമതിയെക്കുറിച്ചുള്ള ചര്‍ച്ചയും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള ചര്‍ച്ചകളും വെറും കോലാഹലമായി അദ്ദേഹം ചിത്രീകരിച്ചതിനെ ആണ്‌ എതിര്‍ത്തത്‌. ചര്‍ച്ചകള്‍ ധാരാളം നമുക്കാവശ്യമാണ്‌, ഒരു ജനാധിപത്യ രാജ്യത്ത്‌ അത്‌ അനിവാര്യവുമാണ്‌.

അതുകൊണ്ട്‌ മോഹന്‍ലാല്‍ പറയുന്നതിനെ എല്ലാം വിനയന്‍ എതിര്‍ക്കുന്നു എന്നു പറയുന്നവരോട്‌ ഒന്ന് ചോദിക്കട്ടെ... മോഹന്‍ലാല്‍ തെങ്ങേല്‍ കിടക്കുന്നത്‌ മാങ്ങയാണെന്നു പറഞ്ഞാല്‍ അതല്ലാന്നു പറയാന്‍ ഞങ്ങടെ സിനിമക്കാരാരെങ്കിലും തയ്യാറാകുമെന്നു കരുതുന്നുണ്ടോ? സിനിമയിലെ വല്യ വിപ്ലവകാരികളെന്നു പറഞ്ഞുനടക്കുന്നവരോ കമ്മ്യൂണിസ്റ്റ്‌ സഹയാത്രികരെന്നു പറഞ്ഞു നടക്കുന്നവരോ ഒരക്ഷരം പ്രതികരിക്കുമോ? ഇല്ല - അതാണ്‌ സിനിമാക്കാരുടെ ഒരഡ്ജസ്റ്റ്‌മന്റ്‌. പിന്നെ താരാധിപത്യത്തിന്റെ ശക്തിയും.

പക്ഷേ ഈ വിധേയത്വത്തേയും അഡ്ജസ്റ്റുമെന്റിനേയും ഒക്കെ മറികടന്ന് എന്തെങ്കിലുമൊക്കെ പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സദയം ക്ഷമിക്കുക...

വെബ്ദുനിയ വായിക്കുക