മുഷറഫ് തന്ത്രങ്ങള്‍ക്ക് പടിയിറക്കം

PTI
എട്ട് വര്‍ഷത്തിലേറെ പാകിസ്ഥാനെ അടക്കി ഭരിച്ച ശേഷം മുഷറഫ് പടിയിറങ്ങുകയാണ്.

നവാസ് ഷരീഫിന്‍റെ ഭരണകാലത്ത് സൈന്യാധിപനായതോടെ മാത്രം പുറം ലോകത്ത് അറിയപ്പെട്ട മുഷറഫ് പിന്നീട് ഷരീഫിനെക്കാളും വളര്‍ന്നപ്പോള്‍ പാകിസ്ഥാനിലെ ജനാധിപത്യ പ്രക്രിയയകള്‍ക്ക് താല്‍ക്കാലികമായി വിരാമമാവുകയായിരുന്നു.

1999 ഒക്‍ടോബര്‍ 12 ന് രക്തരഹിത വിപ്ലവത്തിലൂടെ ഭരണം പിടിച്ചെടുത്ത മുഷറഫ് പിന്നീട് ജനാധിപത്യത്തിന്‍റെ കാവല്‍ഭടരെന്ന് സ്വയം പ്രഖ്യാപിച്ച അമേരിക്കയുടെ സഖ്യത്തിലെത്തിയത് തന്ത്രപരമായ സമീപനത്തിലൂടെയായിരുന്നു.

മുഷറഫ് ഭരണത്തില്‍ പാകിസ്ഥാനില്‍ നിലനില്‍പ്പില്ലെന്ന് മനസ്സിലാക്കിയ നവാസ് ഷരീഫും ബേനസീര്‍ ഭൂട്ടോയും വിദേശ രാജ്യങ്ങളില്‍ അഭയം പ്രാപിച്ചു.


PTI
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ അസ്ഥാനത്താക്കാനും മുഷറഫ് അസാമാന്യ പാടവമാണ് കാട്ടിയത്. പാകിസ്ഥാന്‍ ഭീകരുടെ താവളമാവുന്നു എന്ന് അന്താരാഷ്ട്ര സമൂഹം ആരോപിച്ചപ്പോള്‍ ഭീകരതയ്ക്കെതിരെ പോരാട്ടം നടത്താന്‍ മുഷറഫ് അമേരിക്കയുടെ ഒപ്പം ചേര്‍ന്നു.

പാകിസ്ഥാനിലെ ഭരണത്തലവനായിരിക്കവേ പട്ടാള മേധാവിസ്ഥാനവും കൈയാളാന്‍ പാടില്ല എന്ന ആവശ്യം ശക്തമായപ്പോള്‍ പട്ടാള വേഷം അഴിച്ചു വച്ച് സിവിലിയന്‍ പ്രസിഡന്‍റാവാനും മുഷറഫ് മടികാണിച്ചില്ല.

പാകിസ്ഥാനില്‍ അമേരിക്കന്‍ സ്വാധീനം വര്‍ദ്ധിച്ചുവരുന്നത് ക്രമേണ എതിരാളികള്‍ ആയുധമാക്കി. പാകിസ്ഥാനില്‍ 2007 നവംബര്‍ മൂന്നിന് മുഷറഫ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത് പാകിസ്ഥാന്‍ ജനാധിപത്യത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു.

ഇതോടൊപ്പം തന്നെ ആജ്ഞാനുവര്‍ത്തിയാവാന്‍ വിസമ്മതിച്ചതിന് പാകിസ്ഥാന്‍ ചീഫ് ജസ്റ്റിസ് ഇഫ്തിക്കര്‍ ചൌധരിയെ പുറത്താക്കിയതും മുഷറഫിനെ ജനമധ്യത്തില്‍ നിന്ന് ഏറെ അകലെയാക്കി.


PTI
അന്താരാഷ്ട്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് പാകിസ്ഥാനില്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ അവസാനം മുഷറഫിന് വഴങ്ങേണ്ടി വന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പിപിപി നേതാവ് ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ടത് മുഷറഫിനെതിരെയുള്ള ആരോപണമായി വളരാനും അധിക സമയം എടുത്തില്ല.

തെരഞ്ഞെടുപ്പില്‍ മുഷറഫിന്‍റെ പ്രഖ്യാപിത എതിരാളിയായ നവാസ് ഷരീഫിന്‍റെ പി‌എം‌എല്‍-എന്‍ രണ്ടാം സ്ഥാനത്തും ഭൂട്ടോയുടെ ഭര്‍ത്താവ് അസിഫ് അലി സര്‍ദാരി നയിച്ച പിപിപി ഒന്നാംസ്ഥാനത്തും എത്തിയപ്പോള്‍ മുഷറഫിനെ പിന്തുണച്ച പി‌എം‌എല്‍-ക്യു മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടുകയായിരുന്നു.

പാകിസ്ഥാന്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം പിപിപി-പി‌എം‌എല്‍-എന്‍ സഖ്യത്തിന്‍റെ നാളുകളായിരുന്നു പിന്നീട്. ഈ സഖ്യത്തിനു പിന്നില്‍ ഒറ്റ ലക്‍ഷ്യം മാത്രമായിരുന്നു - മുഷറഫിന്‍റെ പടിയിറക്കം.

അതിനായി പ്രസിഡന്‍റിനെ ഇം‌പീച്ച് ചെയ്യാന്‍ ഭരണ സഖ്യം തയ്യാറെടുത്തു. ഇം‌പീച്മെന്‍റിനു മുമ്പ് മുഷറഫിന് സുരക്ഷിത പാതയൊരുക്കിയത് സര്‍ദാരിയുടെ ആശയമാണെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. എന്തായാലും അത് സംഭവിച്ചു, പാകിസ്ഥാനിലെ ഒരു സ്വേച്ഛാധിപതി പടിയിറങ്ങി.